വേൾഡ് ലീഡർ ഫോർ പീസ് അവാർഡ് ശ്രീ ശ്രീ രവിശങ്കറിന്
വാഷിംഗ്ടൺ: യു.എസിലെ ബോസ്‌റ്റൺ ഗ്ലോബൽ ഫോറത്തിന്റെ (ബി.ജി.എഫ്) ഇക്കൊല്ലത്തെ വേൾഡ് ലീഡർ ഫോർ പീസ് ആൻഡ് സെക്യൂരിറ്റി പുരസ്കാരം ആർട്ട് ഒഫ് ലിവിംഗ് ആചാര്യൻ ശ്രീ ശ്രീ രവിശങ്കറിന്. ആഗോള സമാധാനം, അനുരഞ്ജനം, മനുഷ്യസ്‌നേഹപരമായ നേതൃത്വം എന്നിവയിലെ അസാധാരണമായ സംഭാവനകൾ പരിഗണിച്ചാണ് അംഗീകാരം. ബി.ജി.എഫും എ.ഐ വേൾഡ് സൊസൈറ്റിയും (എ.ഐ.ഡബ്ല്യു.എസ്) സംയുക്തമായാണ് പുരസ്കാരം നൽകിയത്.
ആഗോള സമാധാനം, ദീർഘവീക്ഷണമുള്ള ഭരണം എന്നീ മേഖലയിൽ പ്രവർത്തിക്കുന്നവരെ ആദരിക്കുന്ന ഈ പുരസ്‌കാരത്തിന്റെ പത്താം വാർഷികത്തിലാണ് ആദരം. സമാധാനം വാക്കുകളിലൂടെ മാത്രം വരില്ലെന്നും അത് പ്രവൃത്തിയായി മാറണമെന്നും പുരസ്കാരം സ്വീകരിച്ചുകൊണ്ട് രവിശങ്കർ പറഞ്ഞു. 'നാം സുരക്ഷയ്ക്കായി ധാരാളം ചെയ്യുന്നു, സമാധാനത്തിന് ശ്രദ്ധ നൽകുന്നത് കുറവാണ്. സമാധാന നിർമ്മാണം അത്യന്താപേക്ഷിതമാണ്. നമ്മുടെ സമൂഹങ്ങൾ നേരിടുന്ന അവിശ്വാസത്തെയും ദുരിതത്തെയും ഇല്ലാതാക്കാൻ ധാർമ്മികവും ആത്മീയവുമായ ശക്തി ആവശ്യമാണ്. സമ്മർദ്ദവും അക്രമവുമില്ലാത്ത സമാധാനവും അനുകമ്പയും സർഗാത്മകതയും തഴച്ചുവളരുന്ന ഒരു ലോകം നമുക്ക് സ്വപ്നം കാണാം" - അദ്ദേഹം കൂട്ടിച്ചേർത്തു.