അടിമാലിയിലെ മണ്ണിടിച്ചിൽ ദുരന്തം: കാരണം അശാസ്ത്രീയമായ മണ്ണെടുപ്പാണെന്ന് പ്രാഥമിക റിപ്പോർട്ട്

Thursday 06 November 2025 10:18 PM IST

അടിമാലി: അടിമാലി ലക്ഷംവീട് ഭാഗത്തെ മണ്ണിടിച്ചിലിൽ വീട് തകർന്ന് ഒരാൾ മരിക്കാനിടയാക്കിയ ദുരന്തത്തിന് കാരണം അശാസ്ത്രീയമായ മണ്ണെടുപ്പാണെന്ന് പ്രാഥമിക റിപ്പോർട്ട്. മണ്ണിടിച്ചിലിനുള്ള കാരണം കണ്ടെത്തുന്നതിനായി ജില്ലാ കളക്ടർ നിയോഗിച്ച വിദഗ്ദ്ധ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ദേവികുളം തഹസീൽദാരുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും മൈനിങ് ആൻഡ് ജിയോളജി, ദേശീയപാത വിഭാഗം, പൊതുമരാമത്ത് വകുപ്പ് ഉൾപ്പെടെയുള്ള വിദഗ്ദ്ധ സമിതിയാണ് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്. വിദഗ്ദ്ധ സമിതിയുടെ പ്രാഥമിക റിപ്പോർട്ട് കളക്ടർക്ക് സമർപ്പിച്ചു. കഴിഞ്ഞ മാസം 25ന് രാത്രി പത്തോടെയാണ് മണ്ണിടിച്ചിൽ ദുരന്തമുണ്ടായത്. ലക്ഷംവീട് ഭാഗത്തെ ഒമ്പത് വീടുകൾ മണ്ണിടിച്ചിൽ തകർന്നു. ദുരന്തത്തിൽ പ്രദേശവാസിയായ ബിജു മരണപ്പെടുകയും ഭാര്യ സന്ധ്യക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. സന്ധ്യയുടെ വലതുകാൽ മുറിച്ചുമാറ്റിയ ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ 27ന് തന്നെ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ കളക്ടർ വിദഗ്ദ്ധസമിതിയെ നിയോഗിച്ചിരുന്നു. നാലു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഒരാഴ്ചയ്ക്ക് ശേഷമാണ് റിപ്പോർട്ട് കളക്ടർക്ക് ലഭിച്ചത്. പ്രദേശത്തിന്റെ ഭൂ പ്രകൃതിയുടെ പ്രത്യേകതയും മണ്ണിന്റെ ഘടനയും ഉൾക്കൊള്ളാതെ മണ്ണിടിച്ചു മാറ്റിയത് ദുരന്തത്തിന് വഴിയൊരുക്കിയെന്ന തരത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.