രാഹുലിന്റെ ഹൈഡ്രജൻ ബോംബ് , ഹരിയാനയിൽ വിദേശ മോഡലിന് 22 വോട്ട്!

Thursday 06 November 2025 12:53 AM IST

ന്യൂഡൽഹി: ബ്രസീലിയൻ മോഡലിന് ഹരിയാന റായ് നിയമസഭാ മണ്ഡലത്തിലെ 10 ബൂത്തുകളിലായി 22 വോട്ടുകൾ. സ്വീറ്രി, പിങ്കി, സീമ, സരസ്വതി, ദർശന തുടങ്ങി 22 വോട്ടർമാർക്ക് മോഡലിന്റെ മുഖം. തെളിവു നിരത്തി വോട്ട് കൊള്ളയുടെ ഹൈഡ്രജൻ ബോംബ് പൊട്ടിച്ചത് രാഹുൽ ഗാന്ധിയാണ്. ബ്രസീലിയൻ ഫോട്ടോഗ്രാഫർ മത്തേയുസ് ഫെരേരോ പകർത്തിയ ചിത്രം വരെ ഇന്ത്യയിൽ സമതിദാനാവകാശത്തിന് വിനിയോഗിച്ചെന്നാണ് ആരോപണം.

രണ്ടു ബൂത്തുകളിൽ 223 വോട്ടുകൾക്ക് ഒരേ സ്ത്രീയുടെ ചിത്രം. മറ്റൊരിടത്ത് ഒരു സ്ത്രീയുടെ ഫോട്ടോ ഉപയോഗിച്ച് 100 വോട്ടുകൾ. ഹോഡൽ നിയമസഭാ മണ്ഡലത്തിലെ വീട്ടുനമ്പർ 265ൽ 501 വോട്ടുകൾ. റായ് മണ്ഡലത്തിലെ ഹൗസ് നമ്പർ 1904ൽ 108 വോട്ട്.

ബീഹാർ നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കേയാണ് ഒരു വർഷം മുമ്പ് ഹരിയാന തിരഞ്ഞെടുപ്പിൽ വോട്ടുകൊള്ളയിലൂടെ ജനവിധി അട്ടിമറിച്ചെന്ന് രാഹുൽ വാദിക്കുന്നത്. 2 കോടി വോട്ട‌ുകളിൽ 25 ലക്ഷത്തിൽപ്പരം മോഷ്‌ടിക്കപ്പെട്ടു. എട്ടിലൊന്ന് കള്ളവോട്ടായിരുന്നു.

നിസാര വോട്ടുകൾക്കാണ് പല മണ്ഡലങ്ങളിലും കോൺഗ്രസ് പരാജയപ്പെട്ടത്. പല മണ്ഡലങ്ങളിലായി വെറും 22,779 വോട്ടുകൾ കുറഞ്ഞതുകൊണ്ടാണ് അധികാരം നഷ്‌ടപ്പെട്ടതെന്നും പറയുന്നു.

'വോട്ടുചോരിയുടെ' രണ്ടാംപതിപ്പായ 'ഓപ്പറേഷൻ സർക്കാർ ചോരിയിലൂടെ' ശേഖരിച്ച വിവരങ്ങൾ രാഹുൽ ഇന്നലെ ഡൽഹിയിൽ വാർത്താസമ്മേളനം നടത്തി പുറത്തുവിടുകയായിരുന്നു. 'വോട്ട് ചോരി എച്ച് ഫയൽസ് എന്ന പേരിൽ പവർപോയിന്റ് പ്രസന്റേഷൻ.

കമ്മിഷന്റെ

ഒത്താശയെന്ന്

2024 ഒക്ടോബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വിജയിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ അവസരമൊരുക്കിയെന്ന് ആരോപണം. വോട്ടെടുപ്പിന്റെ സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവിട്ടാൽ തട്ടിപ്പ് പുറത്താകുമെന്നതു കൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അവ ഒളിച്ചുവയ്‌ക്കുന്നതെന്ന് രാഹുൽ.

വ്യാജ വോട്ടർമാർ

24,47,970

വ്യാജ മേൽവിലാസം

93174

മുഖം വ്യക്തമാകാത്ത

വോട്ടർമാർ

124,177

ബി.ഗോപാലകൃഷ്‌ണന്റെ

വാക്കും ആയുധമാക്കി

തൃശൂരിൽ സുരേഷ് ഗോപി ജയിച്ചത് കള്ളവോട്ടിലൂടെയാണെന്ന് ആരോപണമുയർന്നപ്പോൾ, കേരളത്തിലെ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്‌ണൻ നടത്തിയ പ്രതികരണവും പ്രദർശിപ്പിച്ചു. ജയിക്കാൻ വേണ്ടി വ്യാപകമായി വോട്ട് ചേർക്കുമെന്നും,​ ജയിക്കാൻ ലക്ഷ്യമിട്ട മണ്ഡലങ്ങളിൽ ജമ്മു കാശ്‌മീരിൽ നിന്നും ആൾക്കാരെ കൊണ്ടുവന്ന് ഒരുവർഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കുമെന്നും ഗോപാലകൃഷ്‌ണൻ പറയുന്നതായിരുന്നു ദൃശ്യത്തിൽ.

``ഒരു അപ്പീൽ പോലും വന്നിട്ടില്ല. കള്ളവോട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ് കോൺഗ്രസിന്റെ പോളിംഗ് ഏജന്റുമാർ ആ സമയത്ത് ചൂണ്ടിക്കാണിക്കാത്തത്.``

- തിരഞ്ഞെടുപ്പ് കമ്മിഷൻ