മിഴിയടച്ച് വഴിവിളക്കുകൾ

Wednesday 05 November 2025 11:27 PM IST

വെഞ്ഞാറമൂട്: വെമ്പായം - കിളിമാനൂർ പാതയോരങ്ങളിൽ നിരവധി വഴിവിളക്കുകളാണ് കത്താതെ നോക്കുകുത്തിയായിരിക്കുന്നത്. കൊട്ടിഘോഷിച്ച് സ്ഥാപിച്ച വഴിവിളക്കിലിപ്പോൾ വെട്ടവുമില്ല വെളിച്ചവുമില്ല. വിളക്കുകൾ പലതും വാഹനമിടിച്ച് റോഡിൽ അനാഥമായി കിടപ്പാണ്. ഇതോടെ എം.സി റോഡിൽ രാത്രികാലങ്ങളിൽ അപകടങ്ങൾ കൂടി. റോഡിൽ വെളിച്ചമില്ലാത്തതിനാൽ ഡിം അടിക്കാതെ എതിരെ വരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. ഉന്നത നിലവാരത്തിൽ റോഡ് നവീകരിച്ചപ്പോൾ സ്ഥാപിച്ച സോളാർ വിളക്കുകൾ തകരാറിലായിട്ടും അധികൃതർ ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല. രാത്രി വാഹനത്തിന്റെ വെളിച്ചത്തിൽ യാത്ര ചെയ്യുമ്പോൾ വിദൂരക്കാഴ്ച ലഭിക്കാതെ ഡ്രൈവർമാർ ബുദ്ധിമുട്ടുകയാണ്. ഓരോ 22 മീറ്ററിലും ലൈറ്റുകളുണ്ടായിരുന്നു. സ്ഥാപിച്ച ആദ്യവർഷം ഇവയിൽ മിക്കവയും പ്രവർത്തിച്ചിരുന്നു. സൂര്യന്റെ വെളിച്ചം മങ്ങുന്നതോടെ പ്രകാശിച്ച് തുടങ്ങുന്ന ലൈറ്റുകൾ നേരം പുലരുമ്പോൾ അണയുന്ന തരത്തിലായിരുന്നു പ്രവർത്തനം.

മോഷണം തുടർക്കഥ

സ്ഥാപിച്ച് ഒരു വർഷത്തിനുള്ളിൽത്തന്നെ പലയിടങ്ങളിലെയും വിളക്കുകളുടെ സോളാർ പാനൽ, ബാറ്ററി തുടങ്ങിയവ മോഷണം പോയി. പല സ്ഥലങ്ങളിലും ലൈറ്റിനായി സ്ഥാപിച്ച തൂണുകൾ പോലും മോഷ്ടാക്കൾ കൊണ്ടുപോയ നിലയിലാണ്. കാലപ്പഴക്കത്തെ തുടർന്ന് ബാറ്ററികൾ സൂക്ഷിച്ചിരുന്ന ഇരുമ്പ് പെട്ടികൾ ദ്രവിച്ച് അവശിഷ്ടങ്ങൾ താഴേക്ക് ഇളകിവീഴാൻ തുടങ്ങി. ചിലയിടങ്ങളിലെ വിളക്കുകാലുകളും കാടുമൂടിയ നിലയിലാണ്.

ലക്ഷങ്ങൾ പൊടിച്ചത് മാത്രം മിച്ചം

വിളക്കില്ലാതെ നിൽക്കുന്ന തൂണുകൾ പലതും ചാഞ്ഞ് യാത്രക്കാർക്കും ഭീഷണിയായി. തെരുവുവിളക്കുകളുടെ ഒരു വർഷ അറ്റകുറ്റപ്പണിയുടെ ചുമതല കരാറുകാരനായിരുന്നു. ലൈറ്റുകളുടെ മേൽനോട്ടവും ഇവർക്കുതന്നെ, എന്നാൽ കാലാവധി കഴിഞ്ഞതോടെ ഇവരും കൈയൊഴിഞ്ഞു. പൊതുമരാമത്ത് വകുപ്പ് അധികൃതരും യാത്രക്കാരുടെ ദുരിതത്തെ കണ്ടില്ലെന്നു നടിക്കുകയാണ്. വാഹനമിടിച്ചു വിളക്കുകാലുകൾ തകരുമ്പോൾ വാഹന ഉടമകളിൽനിന്ന് നഷ്ടപരിഹാരം വാങ്ങുന്നുണ്ടെങ്കിലും തുടർനടപടികളുണ്ടായിട്ടില്ല.

 രാത്രികാല അപകടങ്ങൾക്ക് കാരണം മിക്കപ്പോഴും റോഡിലെ വെളിച്ചക്കുറവാണ്. നിലവാരത്തിലുള്ള റോഡിനൊപ്പം വെളിച്ചം കൂടി ഇല്ലെങ്കിൽ അപകടം പതിവാകും.

-- ഡ്രൈവർമാർ