ചൈനീസ് ഭീഷണി ഇനി ഇന്ത്യയോട് വേണ്ട, സമുദ്രത്തിനടിയിൽ 75 കിലോമീറ്റർ വേഗത്തിൽ വരെ കുതിച്ചെത്തുന്ന 'തക്ഷകൻ' വരുന്നു
ന്യൂഡൽഹി: പാകിസ്ഥാനിലെ ഗ്വാദർ തുറമുഖം, ശ്രീലങ്കയിലും മ്യാന്മാറിലുമുള്ള തുറമുഖങ്ങളിലെ ഇടപെടലുകൾ, ചൈന നടത്തുന്ന ഈ കൈകടത്തലിന് പറ്റിയ ആയുധം ഇന്ത്യയിൽ തയ്യാറാകുകയാണ്. മ്യാന്മാറിന്റെ അധീനതയിലുള്ള ദ്വീപിൽ സൈനികതാവളം സ്ഥാപിക്കാനടക്കം ചൈന ശ്രമിക്കുന്ന ഈ സമയത്ത് ഇന്ത്യ വികസിപ്പിച്ച തക്ഷക് എന്ന ടോർപ്പിഡോ ശ്രദ്ധ നേടുകയാണ്. കടലിനടിയിൽ ഇന്ത്യൻ അന്തർവാഹിനികൾക്ക് ഭീഷണിയായ ചൈനയുടെ ടൈപ്പ് 093 ഷാംഗ്-ക്ളാസ് ന്യൂക്ളിയർ അറ്റാക്ക് അന്തർവാഹിനികളെ നേരിടാനാണ് 800 മീറ്റർ വരെ കടലിനടിയിൽ സഞ്ചരിക്കുന്ന അന്തർവാഹിനികളെ തകർക്കുന്ന ഇലക്‌ട്രോണിക് ഹെവിവെയ്‌റ്റ് ടോർപ്പിഡോ (ഇഎച്ച്ഡബ്ളിയുടി) ആയ 'തക്ഷക്' പുറത്തിറക്കുന്നത്.
ഡിആർഡിഒയാണ് തക്ഷകിനെ വികസിപ്പിച്ചത്. ടൈപ്പ് 093 ഷാംഗ്-ക്ളാസ് ന്യൂക്ളിയർ അറ്റാക്ക് അന്തർവാഹിനികൾ 700 മീറ്റർ വരെ കടലിനടിയിൽ പോയി ആക്രമിക്കാൻ കെൽപ്പുള്ളവയാണ്. ഈ ഭീഷണിക്ക് കൃത്യമായ മറുപടിയാണ് തക്ഷക്. ഇതിഹാസങ്ങളിലെ ഉഗ്രസർപ്പമായ തക്ഷകന്റെ പേരാണ് പ്രധാന ദൗത്യത്തിനായുള്ള ഈ ടോർപ്പിഡോയ്‌ക്ക് നൽകിയത്. ഡിആർഡിഒയുടെ ഭാഗമായ നേവൽ സയൻസ് ആൻഡ് ടെക്‌നോളജിക്കൽ ലബോറട്ടറിയിൽ ആണ് ഇത് തയ്യാറാകുന്നത്. സ്വന്തമായി ലക്ഷ്യം കണ്ടെത്തുന്ന തക്ഷകിന് 40 കിലോമീറ്റർ പരിധിയിൽ എവിടെയും കൃത്യമായി ആക്രമണത്തിന് സാധിക്കും. 300 കിലോഗ്രാം ആയുധവുമായി 74.08 കിലോമീറ്റർ വേഗത്തിലാണ് പായുക. നീളം 6.4 മീറ്ററാണ്.
ടോർപ്പിഡോകളെ തടയാൻ കഴിയുന്ന സാങ്കേതികവിദ്യ ഇലക്‌ട്രോണിക് കൗണ്ടർ മെഷർ പ്രതിരോധം ഇതിനുണ്ട്. മികവാർന്ന സോണാർ സിസ്റ്റവും തക്ഷകിനുണ്ടാകും. ടൈപ്പ് 75ഐ ക്ളാസ് അന്തർവാഹിനികളിൽ ഇന്ത്യ ഇത് ഉപയോഗിച്ചേക്കും. 30 ദിവസങ്ങളോളം തുടർച്ചയായി കടലിനടിയിൽ കഴിയാനും ഇതിനാകും. രണ്ട് വർഷത്തിനരം ഇവയുടെ പരീക്ഷണം ഉണ്ടാകുമെന്നാണ് വിവരം.