വയോധികയുടെ രണ്ടുപവൻ മാല പൊട്ടിച്ച പ്രതികൾ പിടിയിൽ

Thursday 06 November 2025 4:40 AM IST

ഉള്ളൂർ: പ്രശാന്ത്നഗർ സി.ഡി.എസിന് സമീപം വീടിനോട് ചേർന്ന് സ്റ്റേഷണറി കടയിൽ അതിക്രമിച്ച് കയറി വയോധികയുടെ രണ്ടുപവൻ മാല പൊട്ടിച്ചെടുത്ത് ബൈക്കിൽ കടന്നുകളഞ്ഞ പ്രതികളെ മെഡിക്കൽ കോളേജ് പൊലീസും സിറ്റി ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി. പോങ്ങുംമൂട് പമ്പ് ഹൗസിന് എതിർവശം പനച്ചവിള വീട്ടിൽ അരുൺ(27),ഉള്ളൂർ നിരാഴി ലൈൻ പി.എസ്.സി നഗർ പെരിങ്ങാലി പണയിൽ പുത്തൻ വീട്ടിൽ സൂരജ് (27) എന്നിവരാണ് പിടിയിലായത്. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിരുന്നു. ഇവരുടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൊട്ടാരക്കര കുന്നിക്കോട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ആറോടെയാണ് വീടിനോട് ചേർന്ന കടയിൽ കയറി വസന്തയുടെ(70) രണ്ടു പവനോളം വരുന്ന മാല സാധനം വാങ്ങാനെന്ന വ്യാജേന മുഖം ഹെൽമെറ്റും മാസ്‌കും ധരിച്ച് മറച്ചെത്തിയ അരുൺ പൊട്ടിച്ചെടുത്തത്. തുടർന്ന് സൂരജിനോടൊപ്പം പൾസർ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. പൊട്ടിച്ചെടുത്ത മാല വെഞ്ഞാറമൂടുള്ള സ്ഥാപനത്തിൽ പണയം വച്ചശേഷമാണ് ഒളിവിൽ പോയത്. സ്വർണ്ണം കണ്ടെടുത്തിട്ടുണ്ട്.