ആനയെ തുരത്താൻ പ്രത്യേക സംഘം: കാടുകയറ്റാൻ ഡ്രോൺ നിരീക്ഷണം

Thursday 06 November 2025 12:06 AM IST

തൃശൂർ: ഒന്നിടവിട്ട ദിവസങ്ങളിൽ കുതിരാനിൽ ശല്യക്കാരനായെത്തുന്ന കാട്ടാനയെ തുരത്താൻ വനംവകുപ്പിന്റെ പ്രത്യേക സംഘം. ഒറ്റയാനെ നിരീക്ഷിച്ച് നീക്കങ്ങളറിഞ്ഞ് തിരികെ കാട്ടിലേക്ക് കയറ്റിവിടുകയാണ് ലക്ഷ്യം. ഇതിനായി രാവും പകലും ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണവും തുടങ്ങിക്കഴിഞ്ഞു. കുതിരാൻ അമ്പലത്തിന് സമീപത്തും എതിർവശത്തുമായി താമസിക്കുന്ന അമ്പതോളം കുടുംബങ്ങളാണ് കാട്ടാനയുടെ സഞ്ചാരത്തിൽ ഭയപ്പെട്ട് കഴിയുന്നത്.

വയനാട്ടിൽ നിന്നുള്ള പ്രത്യേക നിരീക്ഷണ സംഘമാണ് രാത്രിയിലും ദൃശ്യമാകുന്ന തെർമൽ ഡ്രോൺ ഉപയോഗിച്ച് ആനയെ നിരീക്ഷിക്കുന്നത്. പ്രദേശത്ത് മൂന്നോളം കാട്ടാനകളെ മുൻപ് കണ്ടിരുന്നെങ്കിലും ഇപ്പോൾ മേഖലയെ ഭയപ്പെടുത്തുന്നത് ഒറ്റയാനാണ്.

ആനയെ നിരീക്ഷിക്കുന്നതിനും മറ്റുമായി മൂന്ന് ഫോറസ്റ്റ് വാച്ചർമാരെ അധികമായി ഡ്യൂട്ടിക്ക് നിയോഗിച്ചതിന് പുറമെ പീച്ചി, വാണിയമ്പാറ ഫോറസ്റ്റ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും ഇവിടെയുണ്ട്. വൈൽഡ് ലൈഫ് വാർഡൻ രഞ്ജിത്ത്, അസി. വൈൽഡ് ലൈഫ് വാർഡൻ ടി.എൻ.രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ആനയെ തിരികെ കാട്ടിലേക്ക് കയറ്റിവിടാനുള്ള ശ്രമം നടക്കുന്നത്.

മറ്റ് മാർഗങ്ങളില്ല, ആന തന്നെ പോകണം

കുതിരാൻ അമ്പലത്തിന് എതിർവശത്തേക്ക് കടന്ന ആനയെ മറുവശത്തെ വിശാലമായ കാട്ടിലേക്ക് കയറ്റിവിടാൻ പ്രത്യേകിച്ച് വഴികളൊന്നുമില്ല. പ്രകോപനം സൃഷ്ടിക്കാതെ ആനയെ കയറ്റിവിടുകയാണ് പോംവഴി. അമ്പലത്തിന് പിൻവശത്തായി സ്ഥാപിച്ച ഫെൻസിംഗിന് അടുത്ത് എത്തിയാൽ വൈദ്യുതി അണച്ച് മറുവശത്തേക്ക് കടത്തിയ ശേഷം വൈദ്യുതി പുനഃസ്ഥാപിക്കാനാണ് വനംവകുപ്പിന്റെ ആലോചന.

കുതിരാൻ ക്ഷേത്രത്തിന് എതിർവശത്തുള്ള കാട് 50 സ്‌ക്വയർ കിലോമീറ്റർ മാത്രമേയുള്ളൂ. എന്നാൽ, മറുവശത്തേത് കൊല്ലം ആര്യങ്കാവ് വരെ വിശാലമായതാണ്. ഇവിടേക്ക് ആനയെ എത്തിക്കാനാണ് ശ്രമം. ക്ഷേത്രത്തിന് സമീപം ഫെൻസിംഗ് ഉണ്ടെങ്കിലും വഴുക്കുംപാറയിലെ ജനവാസ പ്രദേശത്ത് കൂടെ ആനകൾ മറുവശത്തേക്ക് എത്തുന്നതാണ് പ്രശ്‌നം.