യാത്രി നിവാസിന് 2.08 കോടി

Thursday 06 November 2025 12:09 AM IST

തൃശൂർ: അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം ടൂറിസ്റ്റുകൾക്ക് മിതമായ നിരക്കിൽ താമസസൗകര്യം ഒരുക്കുന്നതിനായി വിനോദസഞ്ചാര വകുപ്പ് നിർമ്മിക്കുന്ന യാത്രി നിവാസ് പദ്ധതിയുടെ മൂന്നാംഘട്ട നിർമാണ പ്രവൃത്തികൾക്ക് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകി. 2.08 കോടി രൂപയുടേതാണ് നിർമ്മാണ പ്രവൃത്തികൾ. വാഴച്ചാൽ, അതിരപ്പിള്ളി, മലക്കപ്പാറ, വാൽപ്പാറ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനെത്തുന്ന അതിഥികൾക്ക് മികച്ച താമസസൗകര്യം ഒരുക്കുകയാണ് യാത്രി നിവാസിലൂടെ ലക്ഷ്യം വയ്ക്കുന്നത്. യാത്രി നിവാസ് നിർമാണത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങൾക്കായി മുൻപ് അഞ്ച് കോടി രൂപ വീതം ഭരണാനുമതി നൽകിയിരുന്നു. കേരള സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് മുഖേന നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുവരികയാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.