ഒരു വര്‍ഷം മുടക്കേണ്ടത് വെറും 1000 രൂപ, സര്‍ക്കാര്‍ പദ്ധതി വന്‍ ഹിറ്റ്; വിശദാംശങ്ങള്‍ അറിയാം

Thursday 06 November 2025 12:30 AM IST

കുട്ടികളുടെ പെന്‍ഷന്‍ സ്‌കീം ഉപഭോക്താക്കള്‍ ഒന്നര ലക്ഷം കവിഞ്ഞു

കൊച്ചി: കുട്ടികള്‍ക്കുള്ള പെന്‍ഷന്‍ സ്‌കീമായ എന്‍.പി.എസ് വാത്സല്യയില്‍ അംഗങ്ങളായ ഉപഭോക്താക്കളുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു. ഭാവിയില്‍ മക്കളുടെ ജീവിതത്തിന് അധിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്ന പുതിയ നിക്ഷേപ പദ്ധതി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചത് 2024ലെ ബഡ്ജറ്റിലാണ്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ പദ്ധതിക്ക് തുടക്കമായി. മക്കള്‍ക്കായി പെന്‍ഷന്‍ പദ്ധതി രക്ഷിതാക്കള്‍ക്ക് ആരംഭിക്കാനാണ് ധനമന്ത്രി ഇതിലൂടെ അവസരമൊരുക്കിയത്.

കുട്ടി പിറന്നു വീഴുന്നതു മുതല്‍ അവര്‍ക്കായി മാതാപിതാക്കള്‍ക്കായി പെന്‍ഷന്‍ പദ്ധതി ഇതിലൂടെ ആരംഭിക്കാനാകും. പെന്‍ഷന്‍ പദ്ധതിയുടെ സാദ്ധ്യത പരമാവധി ആളുകളിലെത്തിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പതിനെട്ട് വയസ് വരെ പ്രായമുള്ള കുട്ടികളുടെ പേരില്‍ നാഷണല്‍ പെന്‍ഷന്‍ സ്‌കീമിന്റെ വാത്സല്യ പദ്ധതിയില്‍ അംഗമാകാന്‍ കഴിയും. ബാങ്കുകളുടെയും മറ്റ് ഏജന്‍സികളുടെയും സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി എന്‍.പി.എസ് വാത്സല്യയില്‍ നിക്ഷേപം നടത്താനാകും. കുട്ടിയ്ക്ക് പതിനെട്ട് വയസ് പൂര്‍ത്തിയാകുന്നതോടെ അവരുടെ പേരിലേക്ക് പെന്‍ഷന്‍ പദ്ധതി മാറും. ജോലി ലഭിച്ചതിന് ശേഷം കുട്ടികള്‍ക്ക് ഇഷ്ടാനുസരണം പദ്ധതിയിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ കഴിയും.

ജനിക്കുമ്പോള്‍ തന്നെ വിരമിക്കല്‍ ആലോചിക്കാം

മക്കള്‍ ജനിക്കുമ്പോള്‍ തന്നെ അവര്‍ക്കായി വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഒരുക്കാനാണ് എന്‍. പി.എസ് വാത്സല്യ അവസരമൊരുക്കുന്നത്. കുഞ്ഞിന്റെ ഭാവിയിലെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ മാതാപിതാക്കള്‍ക്ക് ഇതിലൂടെ കഴിയുന്നു. പ്രതിമാസം കുട്ടിയുടെ വാത്സല്യ എന്‍.പി.എസ് അക്കൗണ്ടിലേക്ക് നൂറ് രൂപ മാത്രം ഇട്ടാല്‍ പോലും അവര്‍ വിരമിക്കുമ്പോള്‍ 15 ലക്ഷം രൂപയിലധികം ഫണ്ടിലുണ്ടാകും.

പ്രതിവര്‍ഷം മുടക്കേണ്ട കുറഞ്ഞ തുക 1000 രൂപ

കുട്ടിക്ക് 60 വയസാകുമ്പോള്‍ 60 ശതമാനം തുക നികുതിയില്ലാതെ പിന്‍വലിക്കാം