പട്ടാപ്പകൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം; കുതറിയോടി പെൺകുട്ടി, സംഭവം പൊലീസ് സ്‌റ്റേഷന് തൊട്ടരികിൽ

Thursday 06 November 2025 12:49 AM IST

ഭോപ്പാൽ: പൊലീസ് സ്‌റ്റേഷന് സമീപം പെൺകുട്ടിയെ പട്ടാപ്പകൽ തട്ടിക്കൊണ്ട് പോകാൻ ശ്രമം നടത്തി മൂവർസംഘം. വനിതാ പോളിടെക്‌നിക് കോളേജിനും പടാവ് വനിതാ പൊലീസ് സ്‌റ്റേഷനും ഇടയിലായിരുന്നു സംഭവം. ഓട്ടോറിക്ഷയിലെത്തിയ മൂന്ന് പുരുഷന്മാരാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്. ഒന്നാം വർഷ കോളേജ് വിദ്യാർത്ഥിയാണ് പെൺകുട്ടി. പൊലീസ് സ്‌റ്റേഷനു തൊട്ടരികിൽ നടന്ന സംഭവം ഗ്വാളിയാറിൽ സ്‌ത്രീകളുടെ സുരക്ഷ സംബന്ധിച്ച് ചോദ്യങ്ങൾ ഉയർത്തുന്നതാണെന്ന് ജനങ്ങൾ ആരോപിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.

രാവിലെ 11 മണിയോടെ പെൺകുട്ടി കോളേജിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ പെട്ടെന്ന് പെൺകുട്ടിക്ക് അരികിൽ വന്നു നിൽക്കുകയായിരുന്നു. അതിൽ നിന്ന് ഇറങ്ങി വന്ന രണ്ട് പുരുഷന്മാരിൽ ഒരാൾ അവളുടെ കൈ പിടിച്ച് വലിച്ചെന്നും മറ്റെയാൾ കാലിൽ പിടിച്ച് ഉയർത്താൻ ശ്രമിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. മൂന്നാമത്തെയാളാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. ഇവരുടെ പിടിയിൽ നിന്നും ഒരുവിധത്തിൽ രക്ഷപ്പെട്ട പെൺകുട്ടി പൊലീസ് സ്‌റ്റേഷനിലേക്ക് ഓടി കയറുകയായിരുന്നു. ഇതിനിടയിൽ ഓട്ടോ ഉപേക്ഷിച്ച് അക്രമികൾ ഓടി രക്ഷപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടി പിന്നീടാണ് വീട്ടുകാർക്കൊപ്പം എത്തി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. ഓട്ടോറിക്ഷ കസ്‌റ്റഡിയിലെടുത്ത പൊലീസ് അക്രമികൾക്കായി തിരച്ചിൽ നടത്തുകയാണ്. പ്രതികളെ ഉടൻ അറസ്‌റ്റ് ചെയ്യുമെന്ന് പൊലീസ് ഇൻസ്‌പെക്‌ടർ ശൈലേന്ദ്ര ഭാർഗവ പറഞ്ഞു.