യു.പിയിൽ ട്രെയിൻ തട്ടി ആറ് മരണം

Thursday 06 November 2025 1:01 AM IST

ലക്‌നൗ: ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് ആറ് പേർക്ക് ദാരുണാന്ത്യം.

ചുനാർ ജംഗ്ഷനിൽ ഇന്നലെ രാവിലെ 9.15 ഓടെയാണ് സംഭവം. ചൊപ്പാൻ- പ്രയാഗ്‌രാജ് എക്‌സ്‌പ്രസിൽ നിന്ന് തെറ്റായ വശത്തിറങ്ങി പാളം മുറിച്ചുകടക്കാൻ ശ്രമിച്ചവരാണ് മരിച്ചത്. മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിലൂടെ കടന്നുപോയ കൽക്ക-ഹൗറ മെയിൽ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കാർത്തിക പൂർണിമ ഉത്സവത്തിൽ പങ്കെടുക്കാനെത്തിയവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്. റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. ഛത്തീസ്ഗഢിലെ ബിലാസ്പുരിൽ ചൊവ്വാഴ്ച മെമു ട്രെയിൻ ഗുഡ്സ് ട്രെയിനിലിടിച്ച് അപകടമുണ്ടായതിന് മണിക്കൂറുകൾക്ക് ശേഷമാണ് മറ്റൊരു ദുരന്തം.