തിര.കമ്മിഷന്റെ സീറോ നമ്പർ വാദം പൊളിച്ച് രാഹുൽ, ബീഹാറിൽ ആശങ്ക
ന്യൂഡൽഹി: വീടില്ലാത്തവർക്കാണ് 'സീറോ' നമ്പർ മേൽവിലാസം നൽകുന്നതെന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ ന്യായീകരണത്തെ തള്ളി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗ്യാനേഷ് പച്ചക്കള്ളം പറയുകയാണ്. ഹരിയാനയിലെ അന്വേഷണത്തിനിടെ, 'സീറോ' നമ്പർ മേൽവിലാസമുള്ള നരേന്ദർ എന്ന വോട്ടറെ കണ്ടെത്തിയെന്ന് രാഹുൽ പറഞ്ഞു. വീടിന്റെ ചിത്രവും പുറത്തുവിട്ടു. ഹരിയാന സർക്കാർ വോട്ടു മോഷ്‌ടിച്ച് അധികാരത്തിൽ കയറിയതാണ്. ഇക്കാര്യം അവിടത്തെ ജനങ്ങളെ അറിയിക്കുകയാണ്. തട്ടിപ്പിന്റെ മഞ്ഞുമലയുടെ ഒരറ്റമാണിത്. തീവ്ര വോട്ടർപട്ടിക പുതുക്കൽ(എസ്.ഐ.ആർ) വോട്ടുക്കൊള്ളയ്‌ക്കുള്ള പുതിയ ആയുധമാണ്. 'സർക്കാർ വോട്ടുമോഷണമാണ്' നടക്കുന്നതെന്നും എ.ഐ.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ആരോപിച്ചു.
ഉത്തർപ്രദേശിലും ഹരിയാനയിലും വോട്ടുള്ള ആയിരകണക്കിന് പേരുണ്ട്. യു.പിയിലെ ബി.ജെ.പിക്കാരനായ ഗ്രാമമുഖ്യൻ ദാൽചന്ദിനും മകൻ യശ്‌വീറിനും രണ്ട് സംസ്ഥാനങ്ങളിലും വോട്ടുണ്ട്. യു.പിയിലെ തന്നെ മറ്രൊരു ഗ്രാമമുഖ്യൻ പ്രഹ്ലാദിനും ഇത്തരത്തിൽ രണ്ട് വോട്ടുകളുണ്ടെന്ന് തെളിവുസഹിതം രാഹുൽ പറഞ്ഞു.
വോട്ടുനഷ്ടപ്പെട്ട ബീഹാർ
സ്വദേശികൾ വേദിയിൽ
കർണാടകയിലെ മഹാദേവപുര, അളന്ദ്, മഹാരാഷ്ട്രയിലെ രജുര എന്നിവിടങ്ങളിലെ വോട്ടർപട്ടികയിൽ ക്രമക്കേടുണ്ടെന്ന് നേരത്തെ രാഹുൽ ആരോപിച്ചിരുന്നു. ബീഹാറിലും ആശങ്കയുണ്ടെന്ന് പറഞ്ഞ രാഹുൽ, തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) പ്രക്രിയയെ തുടർന്ന് വോട്ടർപട്ടികയിൽ നിന്ന് പുറത്തായ അഞ്ചുപേരെ ഇന്നലെ വാർത്താസമ്മേളനത്തിൽ ഹാജരാക്കി. പരാതി നൽകിയിട്ടും ചേർത്തില്ലെന്ന് ദിലീപ് യാദവ്, രവികുമാർ യാദവ്, സുനിതാ ദേവി, ബണ്ടി കുമാർ, ക്യൂം അൻസാരി എന്നിവർ പറഞ്ഞു.
ജെൻസികൾ
മുന്നിട്ടിറങ്ങണം
ഇന്ത്യ ഇപ്പോൾ ജനാധിപത്യ രാജ്യമല്ല. ജനാധിപത്യം തകർക്കപ്പെട്ടിരിക്കുന്നു. വീണ്ടെടുക്കാൻ ജെൻസികളും യുവാക്കളും മുന്നിട്ടിറങ്ങണമെന്ന് രാഹുൽ ആഹ്വാനം ചെയ്‌തു. അഹിംസാ മാർഗം സ്വീകരിക്കണം. വോട്ടുക്കൊള്ള ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണ്. വോട്ടർപട്ടികയാണ് തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനം. അതിലാണ് ക്രമക്കേടുകൾ. സുപ്രീംകോടതി ഇക്കാര്യങ്ങൾ കണ്ടു കൊണ്ടിരിക്കുകയാണ്. കേന്ദ്രീകൃത വോട്ടുക്കൊള്ളയാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെയല്ലാതെ ഇതു സംഭവിക്കില്ല. ഗാന്ധിജിയെ കൊന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ ആശയങ്ങളെയും ദർശനങ്ങളെയും നശിപ്പിക്കാൻ ശ്രമിക്കുന്നു. വോട്ടർമാരുടെ ഡേറ്രബേസ് കൈമാറിയാൽ ക്രമക്കേടുകൾ തങ്ങൾ തീർത്തു തരാം. ആർട്ടിഫിഷ്യൽ ഇൻലിജൻസ് (എ.എ) സംവിധാനമുള്ള കാലത്ത് നിമിഷങ്ങൾ കൊണ്ട് വോട്ടർപട്ടികയിലെ തെറ്റുകൾ തിരുത്താം. പക്ഷെ, ചെയ്യാൻ തയ്യാറാകാത്തത് വോട്ട് മോഷണത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ കൂട്ടു നിൽക്കുന്നതു കൊണ്ടാണെന്നും വ്യക്തമാക്കി.