ചൈനയെ വിറപ്പിക്കാനും ഇന്ത്യ, അരുണാചൽ അതിർത്തിയിൽ 'പൂർവി പ്രചണ്ഡ് പ്രഹാർ' 11 മുതൽ

Thursday 06 November 2025 1:06 AM IST

ന്യൂഡൽഹി: പാകിസ്ഥാനെ വിറപ്പിച്ച 'ത്രിശൂലി"ന് പിന്നാലെ ചൈനീസ് അതിർത്തിയിലും സൈനികാഭ്യാസം നടത്താനൊരുങ്ങി ഇന്ത്യ. ഈസ്റ്റേൺ കമാൻഡിന്റെ നേതൃത്വത്തിൽ 11 മുതൽ 15 വരെയാണ് 'പൂർവി പ്രചണ്ഡ് പ്രഹാർ" എന്ന് പേരിട്ട സംയുക്ത സൈനികാഭ്യാസം നടക്കുന്നത്. അരുണാചൽ പ്രദേശിൽ നിയന്ത്രണരേഖയ്ക്ക് 30 കിലോമീറ്റർ അകലെയാണ് അഭ്യാസം നടത്തുക. ചൈനീസ് അതിർത്തിയിലെ യഥാർത്ഥ നിയന്ത്രണരേഖയിൽ നിന്ന് 30 കിലോമീറ്റർ മാത്രം അകലെയാണിത്. സൈന്യത്തിന്റെ പുതിയ 'ഭൈരവ്' ലൈറ്റ് കമാൻഡോ ബറ്റാലിയൻ, അഷ്‌നി, ദിവ്യാസ്ത്ര ബറ്റാലിയനുകൾ എന്നിവ പങ്കെടുക്കും. മേഖലയിലെ സംയുക്ത നീക്കങ്ങൾക്ക് കര, നാവിക, വ്യോമ സേനകളെ പ്രാപ്തമാക്കുകയാണ് ലക്ഷ്യമെന്ന് പ്രതിരോധ വക്താവ് ലെഫ്. കേണൽ മഹേന്ദ്ര റാവത്ത് പറഞ്ഞു. 2023ൽ നടത്തിയ 'ഭാല പ്രഹാർ", 2024ൽ നടത്തിയ 'പൂർവി പ്രഹാർ" അഭ്യാസങ്ങളുടെ തുടർച്ചയാണിത്. 'തെക്കൻ ടിബറ്റ്" എന്ന് ചൈന അവകാശപ്പെടുന്ന അരുണാചൽ പ്രദേശ് ഏറെക്കാലമായി ഭൗമരാഷ്ട്രീയ സംഘർഷത്തിന്റെ പ്രധാന ഭൂമികയാണ്. യഥാർത്ഥ നിയന്ത്രണരേഖയിൽ സാന്നിദ്ധ്യം വർദ്ധിപ്പിക്കുന്നതിന് ഇന്ത്യ തുടർച്ചയായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ സൈനികാഭ്യാസവും. കിഴക്കൻ ലഡാക്കിലും അരുണാചലിലെ യാങ്‌സി മേഖലയിലും ചൈന തുടർച്ചയായി നടത്തുന്ന സൈനിക നീക്കങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് തന്ത്രപരമായ നീക്കം.

ഒക്ടോബർ 30നാണ് ഇന്ത്യ-പാക് അതിർത്തിയായ സർ ക്രീക്കിന് സമീപം ഇന്ത്യ 'ത്രിശൂൽ" സൈനികാഭ്യാസം ആരംഭിച്ചത്. 10 വരെയാണ് ഇത്. വെസ്റ്റേൺ കമാൻഡിന്റെ നേതൃത്തിലാണ് അഭ്യാസം. സർ ക്രീക്കിന് സമീപം ഗുജാറത്തിലും രാജസ്ഥാനിലെ ഥാർ മരുഭൂമിയിലുമായാണ് ത്രിശൂൽ നടക്കുന്നത്. ഇന്ത്യ സൈനികാഭ്യാസം നടത്തുന്നതിൽ പരിഭ്രാന്തരായ പാകിസ്ഥാൻ മേഖലയിൽ വ്യോമപാതയിൽ വിലക്കേർപ്പെടുത്തിയിരുന്നു. സർ ക്രീക്ക് സംബന്ധിച്ച് ഇന്ത്യ-പാകിസ്ഥാൻ തർക്കം തുടരുന്നതിനിടെയാണ് ഇന്ത്യ പ്രദേശത്ത് സൈനികാഭ്യാസം നടത്തുന്നത്. സർ ക്രീക്കിന് സമീപം പാകിസ്ഥാൻ സൈനിക സൗകര്യം മെച്ചപ്പെടുത്തുന്നതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. മേഖലയിൽ ഏതെങ്കിലും തരത്തിലുള്ള പാക് പ്രകോപനമുണ്ടാൽ മറുപടി കനത്തതായിരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മുന്നറിയിപ്പ് നൽകിയിരുന്നു.