വെയർഹൗസിൽ ലോറിയിൽ നിന്ന് 33 കുപ്പി ബിയർ മോഷ്ടിച്ച രണ്ടുപേർ പിടിയിൽ

Thursday 06 November 2025 6:30 AM IST

ആറ്റിങ്ങൽ: ആറ്റിങ്ങൽ ബിവറേജസ് കോർപ്പറേഷന്റെ വെയർഹൗസിനു സമീപം പാർക്ക് ചെയ്തിരുന്ന ലോറിയിൽ നിന്ന് 33 കുപ്പി ബിയർ മോഷ്ടിച്ച രണ്ടുപേർ പിടിയിൽ. തിരുവനന്തപുരം വട്ടിയൂർക്കാവ് മൂന്നാംമൂട് സൗമ്യഭവനിൽ സുരേഷ് (40) ,തിരുന്നൽവേലി രാധാപുരത്ത് പണ്ണേർ ക്കുളം വീട്ടിൽ മണി (33) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസങ്ങളിൽ വെയർഹൗസിൽ പരിശോധന നടന്നിരുന്നതിനാൽ ലോഡ് ഇറക്കൽ നിറുത്തിവച്ചിരുന്നു. ഈ സമയത്താകാം മോഷണമെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം ലോറിയിൽ നിന്ന് ലോഡ് ഇറക്കുന്നതിനിടെ ചില കെയിസുകൾ തകർന്ന നിലയിൽ കണ്ടെത്തിയതാണ് മോഷണവിവരം പുറത്തായത്. ലോറിയിൽ 1000 കെയിസ് ബിയർ ഉണ്ടായിരുന്നു. ലോറിയുടെ മുകൾ ഭാഗം ടാർപോളിൻ കൊണ്ട് പൊതിഞ്ഞിരുന്നു. അത് കീറിയ ശേഷമാണ് രണ്ട് കെയിസ് പൂർണമായും. മറ്റൊന്നിൽ നിന്ന് ഒമ്പത് കുപ്പിയുമെടുത്തത്. ചാലക്കുടിയിൽ നിന്നുള്ള ബിയറാണിത്. ബിയർ നഷ്ടമായതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ സി.സി.ടി.വി പരിശോധനയിലാണ് പ്രതികളിലേക്ക് എത്തിയത്. പ്രതിയായ സുരേഷ് മറ്റൊരു ലോറിയിലെ ഡ്രൈവറും, മണി സമീപത്തെ കടയിലെ ജീവനക്കാരനുമാണ്.

പ്രതികൾ സുരേഷ്, മണി