യു.എസിൽ വിമാനം തകർന്നു: 9 മരണം

Thursday 06 November 2025 7:07 AM IST

വാഷിംഗ്ടൺ: യു.എസിലെ കെന്റക്കിയിലെ ലൂയീവില്ലിൽ കാർഗോ വിമാനം തകർന്നുവീണ് 9 പേർക്ക് ദാരുണാന്ത്യം. മൂന്ന് ക്രൂ അംഗങ്ങളും പ്രദേശത്തുണ്ടായിരുന്നവരുമാണ് മരിച്ചത്. പ്രാദേശിക സമയം, ചൊവ്വാഴ്ച വൈകിട്ട് 5.13ന് ലൂയീവിൽ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടനായിരുന്നു സംഭവം. തീപിടിച്ച വിമാനം ഉടൻ റൺവേയ്ക്ക് സമീപം പതിക്കുകയായിരുന്നു. റൺവേയ്ക്ക് അടുത്തുള്ള വ്യാവസായിക മേഖലയിലെ കെട്ടിടങ്ങളിലേക്കും തീപടർന്നു. 11 പേർ പരിക്കേറ്റ് ചികിത്സയിലാണ്. പത്തിലേറെ പേരെ കാണാതായെന്ന് കരുതുന്നു. അപകടത്തിൽപ്പെട്ട യു.പി.എസ് എയർലൈനിന്റെ എം.ഡി - 11 മോഡൽ വിമാനത്തിന് 34 വർഷം പഴക്കമുണ്ടായിരുന്നു. അപകടത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. മേഖലയിൽ രക്ഷാപ്രവർത്തകർ തെരച്ചിൽ തുടരുകയാണ്.