'എന്ത്  ഭ്രാന്താണ്, ഇത് എന്റെ പഴയ ചിത്രം'; ഇന്ത്യയിലെ വോട്ടിൽ പ്രതികരിച്ച് ബ്രസീലിയൻ മോഡൽ ലാരിസ

Thursday 06 November 2025 9:49 AM IST

ന്യൂഡൽഹി: ബ്രസീലിയൻ മോഡലിന്റെ ചിത്രം ഹരിയാനയിലെ റായ് നിയമസഭാ മണ്ഡലത്തിലെ 10 ബൂത്തുകളിലായി 22 വോട്ടുകൾക്ക് ഉപയോഗിച്ചെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെ മോഡൽ രംഗത്ത്. നീല ഡെനിം ജാക്കറ്റ് ധരിച്ച മോ‌ഡലിന്റെ ചിത്രം ഇന്നലെ രാഹുൽ ഗാന്ധി പുറത്തുവിട്ടിരുന്നു.

അത് ആരാണെന്ന് തിരയുന്നതിനിടെയാണ് തന്റെ പഴയ ചിത്രം തട്ടിപ്പിന് ഉപയോഗിച്ചെന്ന് പറഞ്ഞ് ബ്രസീലിയൻ മോഡൽ ലാരിസ രംഗത്തെത്തിയിരിക്കുന്നത്. വീഡിയോ പങ്കുവച്ചായിരുന്നു മോഡലിന്റെ പ്രതികരണം. വീഡിയോ പല കോൺഗ്രസ് നേതാക്കളും പങ്കുവച്ചിട്ടുണ്ട്. തട്ടിപ്പിനെക്കുറിച്ച് വിശ്വസിക്കാനാകുന്നില്ലെന്നും എല്ലാവരും ഇത് കണ്ട് ചിരിക്കുകയാണെന്നുമാണ് വീഡിയോയിൽ ലാരിസ പറയുന്നത്.

'സുഹൃത്തുക്കളേ, നിങ്ങക്ക് ഞാൻ ഒരു തമാശ പറയാം. ഇത് ആദ്യം കണ്ടപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. എന്റെ പഴയ ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. അവർ എന്റെ ചിത്രം ഉപയോഗിച്ച് ഇന്ത്യയിൽ വോട്ട് ചെയ്തിരിക്കുന്നു. ഇതെന്ത് ഭ്രാന്താണ്, ഏത് ലോകത്താണ് നമ്മൾ ജീവിക്കുന്നത്'- എന്നായിരുന്നു ലാരിസയുടെ പ്രതികരണം.

സ്വീറ്റി, പിങ്കി, സീമ, സരസ്വതി, ദർശന തുടങ്ങി 22 വോട്ടർമാർക്ക് മോഡലിന്റെ മുഖമായിരുന്നു. ബ്രസീലിയൻ ഫോട്ടോഗ്രാഫറായ മത്തേയുസ് ഫെരേരോ പകർത്തിയ ചിത്രമാണിത്. സ്റ്റോക്ക് ഇമേജ് പ്ലാറ്റ്ഫോമായ അൺ‌സ്‌പ്ലാഷിൽ 2017ലാണ് മാത്യൂസിന്റെ ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്. നാല് ലക്ഷത്തിലേറെ തവണ ഈ ചിത്രം ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.