ജമ്മു കാശ്മീർ ആക്രമണത്തിന് പാക് ഭീകര സംഘടനകളുടെ നീക്കം, അതീവ ജാഗ്രതയോടെ സൈന്യം
ശ്രീനഗർ: ജമ്മു കാശ്മീരിനെ ലക്ഷ്യമിട്ട് പാകിസ്ഥാൻ പിന്തുണയുള്ള ഭീകര സംഘടനകൾ അതിർത്തിയിൽ നുഴഞ്ഞ്കയറി ആക്രമണങ്ങൾക്ക് പദ്ധതിയിടുകയാണെന്ന് ഇന്റലിജൻസ് വിവരം. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ തിരിച്ചടിക്കാൻ ലഷ്കർ-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ് തുടങ്ങിയ പാക് സംഘടനകൾ പുതിയൊരു ഏകോപിത ആക്രമണത്തിന് കോപ്പുകൂട്ടുന്നതായാണ് റിപ്പോർട്ട്.
കഴിഞ്ഞ സെപ്തംബർ മുതൽ ഭീകരസംഘങ്ങൾ നുഴഞ്ഞുകയറ്റ ശ്രമങ്ങളും നിരീക്ഷണവും അതിർത്തി കടന്നുള്ള ചരക്ക് നീക്കവും വർദ്ധിപ്പിച്ചിരുന്നു. പാകിസ്ഥാൻ സ്പെഷ്യൽ സർവീസസ് ഗ്രൂപ്പിന്റെയും ഐഎസ്ഐ ഓപ്പറേറ്റീവുകളുടെയും സഹായത്തോടെ നിയന്ത്രണരേഖ വഴി നുഴഞ്ഞുകയറ്റത്തിലൂടെ നിരവധി ഭീകര സംഘടനകളുടെ യൂണിറ്റുകൾ ജമ്മു കാശ്മീരിലേക്ക് പ്രവേശിച്ചതായാണ് വിവരം.
ലഷ്കർ-ഇ-തൊയ്ബയുടെ ശസ്മേർ എന്ന ഭീകരൻ ഡ്രോണുകൾ ഉപയോഗിച്ച് വ്യോമ നിരീക്ഷണം നടത്തുകയും നിയന്ത്രണരേഖയിലെ വിടവുകൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇത് വരും ദിവസങ്ങളിൽ ഫിദായീൻ ശൈലിയിലുള്ള ആക്രമണങ്ങൾക്കോ ആയുധങ്ങൾ എത്തിക്കുന്നതിനോ ഉള്ള സാദ്ധ്യതളാണ് നൽകുന്നത്.
പാക് അധിനിവേശ കാശ്മീരിലുടനീളം മുൻ എസ്എസ്ജി സൈനികരെയും ഭീകരരെയും ഉൾപ്പെടുത്തിയിട്ടുള്ള ബോർഡർ ആക്ഷൻ ടീമുകളെ പാകിസ്ഥാൻ പുനർവിന്യസിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇത് ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ അതിർത്തി കടന്നുള്ള ആക്രമണങ്ങളുടെ സാദ്ധ്യത വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ഏറ്റവും വലിയ സംഘടിത നീക്കങ്ങളിൽ ഒന്നാണിത്. കേന്ദ്രഭരണ പ്രദേശത്തേക്ക് അസ്ഥിരത അഴിച്ചുവിടാനുള്ള പാകിസ്ഥാന്റെ പുതിയ തന്ത്രമാണ് ഇതിന് പിന്നിലെന്നും വിലയിരുത്തുന്നു.
2025 ഒക്ടോബറിൽ പാക് അധിനിവേശ കാശ്മീരിൽ ജമാഅത്ത്-എ-ഇസ്ലാമി, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ ഭീകരസംഘടനകളിലെ മുതിർന്ന അംഗങ്ങളും ഐഎസ്ഐ ഉദ്യോഗസ്ഥരും പങ്കെടുത്ത ഉന്നതതല യോഗങ്ങൾ നടന്നെന്ന് ചോർന്നു കിട്ടിയ സന്ദേശങ്ങളിൽ നിന്ന് വ്യക്തമാണ്. ഓപ്പറേഷൻ സിന്ദൂറിൽ ഉണ്ടായ നഷ്ടങ്ങൾക്ക് പ്രതികാരം ചെയ്യാൻ ഭീകരസംഘങ്ങളെ സജ്ജമാക്കാനും, മുൻ കമാൻഡർമാർക്ക് പ്രതിമാസ വേതനം നൽകാനും ഈ യോഗങ്ങളിൽ തീരുമാനമായി. ഇന്ത്യൻ സുരക്ഷാ സേനകൾക്കും രാഷ്ട്രീയ പ്രവർത്തകർക്കുമെതിരെ പ്രത്യാക്രമണങ്ങൾ ശക്തമാക്കാൻ ഐഎസ്ഐ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഭീകരപ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി മയക്കുമരുന്ന്-ഭീകരവാദ, ആയുധക്കടത്ത് ശൃംഖലകളും ഇവർ വിപുലീകരിക്കുന്നുണ്ട്. ജമ്മു കാശ്മീരിൽ പ്രാദേശിക തിരഞ്ഞെടുപ്പുകളും വിനോദസഞ്ചാരികളുടെ തിരിച്ചുവരവും സാധാരണ നിലയിലേക്ക് വരുന്നുവെന്ന സൂചന ഭീകരസംഘടനകൾക്ക് ലഭിച്ചതിനെ തുടർന്നാണ് പുതിയ നീക്കങ്ങൾ. ഭീകരതയെ പ്രോത്സാഹിപ്പിച്ചതിന് പാകിസ്ഥാൻ ആഗോളതലത്തിൽ ഒറ്റപ്പെട്ട സാഹചര്യത്തിൽ, അതിനെ തകർക്കാനാണ് ഐഎസ്ഐയുടെ പിന്തുണയുള്ള ഭീകര ശൃംഖല ശ്രമിക്കുന്നതെന്ന് സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യൻ സൈന്യവും രഹസ്യാന്വേഷണ വിഭാഗവും കമാൻഡ് സെക്ടറുകളിലുടനീളം അതീവ ജാഗ്രതയിലാണ്.