നൃത്തവും സംഗീതവും പരിശീലിക്കാറുണ്ടോ? 20-ാം വയസിൽ തലച്ചോറിന് സംഭവിക്കുന്ന ഗുരുതരപ്രശ്നം തടയാം, പഠനം

Thursday 06 November 2025 11:25 AM IST

പ്രായം കടന്നുപോകുന്നതിനനുസരിച്ച് മസ്തിഷ്‌കം (തലച്ചോറ്) ചുരുങ്ങുമെന്നത് സംശയമില്ലാത്ത കാര്യമാണ്. മനുഷ്യന് 20 വയസ് കഴിയുന്നതോടെ ചെറിയ രീതിയിൽ തലച്ചോറിൽ ഓർമകളെ ശേഖരിച്ചുവയ്ക്കാനുളള കഴിവ് കുറഞ്ഞുവരുമെന്നും തെളിഞ്ഞതാണ്. വർഷം കടന്നുപോകും തോറും തലച്ചോറിന്റെ പ്രവർത്തനക്ഷമത അല്ലെങ്കിൽ തലച്ചോറിന് വയസാകുമെന്ന തരത്തിലുളള കാര്യങ്ങൾ ഗവേഷകർ പറഞ്ഞിട്ടുണ്ട്. മനുഷ്യശരീരത്തിലെ നിർണായക പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന തലച്ചോറിന്റെ പ്രാധാന്യം വളരെ വലുതാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജെൻസിന്റെ സഹായത്തോടെ നാം പലകാര്യങ്ങളും എളുപ്പത്തിൽ ചെയ്യുന്നതിലൂടെ തലച്ചോറിന്റെ പ്രവർത്തനക്ഷമത കുറയുകയാണ്. എന്നാൽ നിത്യജീവിതത്തിൽ ചെയ്യുന്ന ചില സർഗാത്മക പ്രവൃത്തികൾ തലച്ചോറ് പ്രായമാകുന്നതിൽ നിന്ന് തടയുമെന്ന പഠനമാണ് അടുത്തിടെ പുറത്തുവന്നത്. 13 രാജ്യങ്ങളിലെ പ്രമുഖരായ ശാസ്ത്രജ്ഞരാണ് ഈ പഠനത്തിനുപിന്നിൽ. നൃത്ത പഠനം, സംഗീത പഠനം, ചില ഗെയിമുകൾ തുടങ്ങിയ പ്രവൃത്തികൾ തലച്ചോറിന് കൂടുതൽ ഗുണം ചെയ്യുമെന്നാണ് കണ്ടെത്തൽ.

മസ്തിഷ്‌ക വാർദ്ധക്യം (ബ്രെയിൻ ഏയ്ജിംഗ്) തലച്ചോറിൽ കാലക്രമേണ സംഭവിക്കുന്ന ഘടനാപരമായ മാ​റ്റമാണ് മസ്തിഷ്‌ക വാർദ്ധക്യം. ഇത് ഉപാപചയ പ്രവർത്തനങ്ങളെയും രൂപഭേദത്തെയും ബാധിക്കും. ഇത് പലരിലും വ്യത്യസ്ത രീതിയിലാണ് പ്രതിഫലിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്ന് 1400ൽ അധികം ആളുകളുടെ വിവരം ശേഖരിച്ചാണ് പഠനം നടത്തിയിരിക്കുന്നത്. വിദഗ്ദരായ ടാംഗോ നർത്തകർ, സംഗീതജ്ഞർ, വിഷ്വൽ ആർട്ടിസ്​റ്റുമാർ, ഗെയ്‌മേഴ്സ് എന്നിവരെയാണ് തിരഞ്ഞെടുത്തത്.

മാഗ്നെറ്റോ എൻസെഫലോഗ്രഫി, ഇലക്ട്രോഎൻസഫലോഗ്രഫി എന്നീ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഇവരുടെ തലച്ചോറിന്റെ പ്രവർത്തനം രേഖപ്പെടുത്തി. ഇവ ഉപയോഗിച്ച് തലച്ചോറിന്റെ പ്രവർത്തനം തത്സമയം, തലച്ചോറിന്റെ പ്രായം എന്നിവ അളക്കാൻ കഴിയും. ഇത്തരത്തിൽ അർജന്റീന മുതൽ പോളണ്ട് വരെയുള്ള നൂറുകണക്കിന് ആളുകളുടെ വിവരങ്ങൾ ശേഖരിച്ചത് സങ്കീർണത നിറഞ്ഞ കാര്യമായിരുന്നുവെന്ന് ശാസ്ത്ര‌ജ്ഞർ പറയുന്നു. ഇത്തരത്തിൽ പ്രവചിക്കപ്പെട്ട ഒരാളുടെ മസ്തിഷ്ക പ്രായം അവരുടെ യഥാർത്ഥ പ്രായത്തേക്കാൾ കുറവാണെങ്കിൽ, അതിനർത്ഥം അവരുടെ തലച്ചോറ് വളരെ സാവധാനത്തിൽ വാർദ്ധക്യം പ്രാപിക്കുന്നുവെന്നാണ്.

അതുപോലെ തലച്ചോറിന്റെ ആരോഗ്യം, പ്രവർത്തനക്ഷമത തുടങ്ങിയവ അളക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജെൻസിന്റെ മോഡലായ ബ്രെയിൻ ക്ലോക്ക് ഉപയോഗിക്കാം. എന്നിരുന്നാലും തലച്ചോറിന്റെ സർഗാത്മകതയുമായി ബന്ധപ്പെട്ട ആരോഗ്യം ബയോഫിസിക്കൽ മോഡലുകൾക്ക് വിശദീകരിക്കാൻ കഴിയും. ഇത്തരത്തിലുളള പരിശോധനകൾ നടത്തിയപ്പോൾ മനസിലായത്, സർഗാത്മക പ്രവൃത്തികളിലേർപ്പെടുന്നവരുടെ തലച്ചോറിന്റെ പ്രായം അവരുടെ യഥാർത്ഥ പ്രായത്തേക്കാൾ കുറവാണെന്നാണ്. ടാംഗോ നർത്തകരുടെ തലച്ചോറിന്റെ പ്രായം അവരുടെ യഥാർത്ഥ പ്രായത്തേക്കാൾ ഏഴ് വയസ് കുറവാണ്. സംഗീതജ്ഞർക്കും വിഷ്വൽ ആർട്ടിസ്​റ്റുമാരുടെയും തലച്ചോറിന്റെ പ്രായം യഥാർത്ഥ പ്രായത്തേക്കാൾ അഞ്ച് മുതൽ ആറ് വയസുവരെ കുറവാണ്. ഗെയിമർമാരുടെ തലച്ചോറിന്റെ പ്രായം യഥാർത്ഥ പ്രായത്തേക്കാൾ നാല് വയസുവരെ കുറവാണ്.

തലച്ചോറിന്റെ സവിശേഷതകൾ

1. മുതിർന്ന ഒരാളുടെ തലച്ചോറിന് മൂന്ന് പൗണ്ട് (ഏകദേശം 1.32 കിലോഗ്രാം) ഭാരം വരും.

2. തലച്ചോറിന്റെ 75ശതമാനവും വെള്ളമാണ്. അതുകൊണ്ട് തന്നെ നിർജലീകരണം ചെറിയ അളവിൽ സംഭവിച്ചാൽ പോലും അത് തലച്ചോറിനെ ബാധിക്കും.

3. ഇരുപത് വയസ് കഴിയുന്നതോടെ ചെറിയ രീതിയിൽ ഓർമകളെ ശേഖരിച്ച് വെക്കാനുള്ള കഴിവ് നഷ്ടപ്പെടുമെന്ന് ചിലർ പറയുന്നു.

4. 18 മുതൽ 25 വയസ് വരെ മസ്തിഷ്കം വളരുന്നു.

5. ഒരു മനുഷ്യ തലച്ചോറിൽ നൂറ് ബില്യൺ ന്യൂറോണുകൾ കാണപ്പെടുന്നു.

6. മനുഷ്യർ അവരുടെ തലച്ചോറിന്റെ പത്ത് ശതമാനം മാത്രമാണ് ഉപയോഗിക്കുന്നതെന്ന് പറഞ്ഞാലും ഉറങ്ങുമ്പോൾ പത്ത് ശതമാനത്തിൽ അധികം ഉപയോഗിക്കുന്നു.

തലച്ചോറിന് വിവരങ്ങൾ ശേഖരിച്ച് വെക്കാനുള്ള കഴിവിന് പരിധിയില്ല.

7. ഏകദേശം 23 വാട്ട്സ് പവർ മനുഷ്യ മസ്തിഷ്കം നിർമ്മിക്കുന്നു. ഒരു ന്യൂറോൺ ഉത്തേജിതമാകുമ്പോൾ വൈദ്യുതി തരംഗം ഉണ്ടാവുകയും കോശങ്ങളിൽ നിന്ന് കോശങ്ങളിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്നു.

8. മനുഷ്യ മസ്തിഷ്കത്തിന്റെ 60 ശതമാനവും കൊഴുപ്പ് ആണ്. മസ്തിഷ്കത്തിന്റെ ശരിയായ പ്രവർത്തനത്തിന് കൊഴുപ്പ് അത്യാവശ്യം ആണ്.