ഫ്രിഡ്ജില്ലാതെയും കറിവേപ്പില സൂക്ഷിക്കാം; മാസങ്ങളോളം കേടാവില്ല, ഇങ്ങനെ ചെയ്താൽ മാത്രം മതി
കറികളിൽ കറിവേപ്പില ഇടാത്ത മലയാളികൾ കുറവാണ്. കറികൾക്ക് രുചിയും ഒരു പ്രത്യേക മണവും ഇത് നൽകുന്നു. ഇത് മാത്രമല്ല ആരോഗ്യത്തിനും കറിവേപ്പില വളരെ നല്ലതാണ്. കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം മെച്ചപ്പെടുത്തുന്നതിനും മലബന്ധം പോലുള്ള പ്രശ്നങ്ങൾ അകറ്റുന്നതിനും സഹായിക്കുന്നു. കുടലിന്റെ ആരോഗ്യത്തിനും കറിവേപ്പില വളരെ നല്ലതാണ്. ശരീരത്തിന് മാത്രമല്ല നമ്മുടെ മുടിയുടെ ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്.
ഇത്രയും ഗുണങ്ങളുള്ള കറിവേപ്പില എല്ലാവരുടെയും വീട്ടിൽ വാങ്ങി സൂക്ഷിക്കാറുണ്ട്. എന്നാൽ പലപ്പോഴും നമ്മൾ കടയിൽ നിന്ന് വാങ്ങുന്ന കറിവേപ്പില ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ വാടിപ്പോവുകയോ നിറം മാറുകയോ ചെയ്യുന്നു. ഇത്തരത്തിൽ കേടായ കറിവേപ്പില ഉപയോഗിക്കുന്നത് ഗുണത്തെ ബാധിക്കും. അതിനാൽ ദിവസങ്ങളോളം കറിവേപ്പില ഫ്രഷായി സൂക്ഷിക്കാനുള്ള മാർഗം അന്വേഷിക്കുന്നവർ നിരവധിയാണ്. അത്തരത്തിൽ കറിവേപ്പില മാസങ്ങളോളം സൂക്ഷിക്കാൻ ചില പൊടിക്കെെകൾ നോക്കിയാലോ?
- കറിവേപ്പില കിട്ടിയാൽ ഉടൻ കഴുകി വൃത്തിയാക്കണം. ശേഷം ഇത് ഒരു ടിഷ്യൂ പേപ്പറോ കോട്ടൺ തുണിയോ വച്ച് ഈർപ്പം കളയുക. ഒട്ടും നനവില്ലാതെ വേണം കറിവേപ്പില സൂക്ഷിക്കാൻ. ചെറിയ ഈർപ്പം പോലും ഇലകൾ അഴുകുന്നതിന് കാരണമാകും. വായു സഞ്ചാരമില്ലാത്ത പാത്രത്തിൽ ഇട്ട് വേണം കറിവേപ്പില സൂക്ഷിക്കാൻ.
- ഇലകൾ വേർപെടുത്താതെ തണ്ടോടുകൂടി വച്ചാൽ കറിവേപ്പില ഏറെനാൾ കേടുകൂടാതിരിക്കും.
- വിദേശത്ത് കറിവേപ്പില കൊണ്ടുപോകുന്നവർ സാധാരണയായി കറിവേപ്പില ഉണക്കിപൊടിച്ചാണ് സൂക്ഷിക്കുന്നത്. ആ പൊടിക്കെെ നിങ്ങൾക്കും ചെയ്യാം. നല്ല വെയിലത്ത് വച്ച് കറിവേപ്പില ഉണക്കിയശേഷം പൊടിച്ചെടുത്ത് ഈർപ്പമോ വായുവോ കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കുക. മാസങ്ങളോളം ഇത് കേടാവാതെ ഇരിക്കും.