കവിത കൊലക്കേസിൽ പ്രതി അജിന് ജീവപര്യന്തവും അഞ്ച് ലക്ഷം പിഴയും, പ്രണയം നിരസിച്ചതിന് കുത്തിവീഴ്ത്തി തീകൊളുത്തികൊന്നു

Thursday 06 November 2025 1:59 PM IST

പത്തനംതിട്ട: പ്രണയാഭ്യർത്ഥന നിരസിച്ചതിന് തിരുവല്ലയിൽ 19കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോളൊഴിച്ച് തീയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതി അജിൻ റെജി മാത്യുവിന്(24) ജീവപര്യന്തം കഠിനതടവും 5 ലക്ഷം രൂപ പിഴയും. പത്തനംതിട്ട അയിരൂർ സ്വദേശിനി കവിത കൊല്ലപ്പെട്ട കേസിലാണ് പ്രതി കുറ്റക്കാരനെന്ന് തെളിഞ്ഞത്. അഡീഷണൽ ജില്ലാ കോടതി - 1 ആണ് ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. വിധിപ്രസ്താവനയ്‌ക്കിടെ അന്വേഷണ ഉദ്യോഗസ്ഥരെയും പ്രോസിക്യൂഷനെയും കോടതി അഭിനന്ദിക്കുകയും ചെയ്തു.

2019 മാർച്ച് 12നായിരുന്നു കേസിനാസ്‌പദമായ സംഭവം. സഹപാഠിയായിരുന്ന കവിത പ്രണയത്തിൽ നിന്ന് പിന്മാറിയതിനാണ് അജിൻ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംസാരിക്കാനെന്ന വ്യാജേന കവിതയെ വഴിയിൽ തടഞ്ഞുനിർത്തി കുത്തിവീഴ്‌ത്തിയ ശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

നാട്ടുകാർ ഉൾപ്പെടെ ഓടിയെത്തി തീയണച്ച് കവിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഗുരുതരമായി പൊള്ളലേറ്റ കവിത അടുത്ത ദിവസംതന്നെ മരിച്ചു. തിരുവല്ലയിലെ സ്വകാര്യസ്ഥാപനത്തിൽ റേഡിയാേളജി വിദ്യാർത്ഥിനിയായിരുന്നു കവിത. ഇരുവരും വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ സഹപാഠികളായിരുന്നു. പ്രണയാഭ്യർത്ഥന നിരസിച്ചതിനാണ് ആക്രമിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പ്രതിക്കെതിരെയുള്ള പ്രധാന തെളിവായി.

കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് സംഭവദിവസം അജിൻ എത്തിയത്. മൂന്നുകുപ്പി പെട്രോൾ, കയർ, കത്തി എന്നിവ ബാഗിൽ കരുതിയിരുന്നു. ബസിറങ്ങി നടന്നുവരികയായിരുന്ന കവിതയെ പിന്നാലെയെത്തിയ അജിൻ പെട്ടെന്ന് മുന്നിൽ കയറി വഴിതടയുകും കത്തികൊണ്ട് വയറ്റിൽ കുത്തുകയും ചെയ്തു. തുടർന്ന് പെട്രോളൊഴിച്ച് തീകൊളുത്തുകയുമായിരുന്നു. ഇതുകണ്ടെത്തിയ നാട്ടുകാരാണ് തീ കെടുത്തി കവിതയെ ആശുപത്രിയിൽ എത്തിച്ചത്. കവിതയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാനായിരുന്നു അജിൻ പദ്ധതിയിട്ടത്. എന്നാൽ അന്നുതന്നെ പൊലീസ് ഇയാളെ പിടികൂടി. അതിവേഗത്തിൽ കുറ്റപത്രവും സമർപ്പിച്ചു.