തുടരും ഇന്റർനാഷണൽ  ഫിലിം  ഫെസ്റ്റിവൽ  ഒഫ്  ഇന്ത്യയിലേയ്ക്ക്; തിരഞ്ഞെടുത്തത് ഇന്ത്യൻ  പനോരമ  വിഭാഗത്തിൽ

Thursday 06 November 2025 3:48 PM IST

മോഹൻലാൽ- തരുൺമൂർത്തി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാമിലി ത്രില്ലർ 'തുടരും' എന്ന ചിത്രത്തിന് പുതിയ അംഗീകാരം. 56ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഒഫ് ഇന്ത്യയിലേയ്ക്ക് (ഐഎഫ്‌എഫ്‌ഐ) ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ പനോരമ വിഭാഗത്തിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്. നവംബർ 20 മുതൽ 28വരെ ഗോവയിലാണ് ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്.

ഏപ്രിൽ 25ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ബോക്സ്ഓഫീസ് റെക്കാഡുകൾ തകർത്ത് മുന്നേറിയിരുന്നു. ആഗോളതലത്തിൽ 200 കോടിയിലധികം കളക്ഷനാണ് തുടരും നേടിയത്. കേരളത്തിൽ നിന്ന് 118 കോടിയും നേടി. അടുത്തിടെ ചിത്രം ഒ.ടി.ടിയിലും എത്തിയിരുന്നു. ജിയോ ഹോട്ട്സ്റ്റാറിലായിരുന്നു തുടരും എത്തിയത്. മലയാളം. തമിഴ്,​ തെലുങ്ക്,​ കന്നഡ,​ ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് തുടരും സ്ട്രീം ചെയ്തത്.

രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് തുടരും നിർമ്മിച്ചത്. കെ.ആർ.സുനിൽ രചന നിർവഹിച്ച ചിത്രത്തിൽ വില്ലനായെത്തിയ പ്രകാശ് വർമ്മയുടെ പ്രകടനവും കയ്യടി നേടിയിരുന്നു. ശോഭന,​ മണിയൻ പിള്ള രാജു,​ ബിനു പപ്പു,​ ഫർഹാൻ ഫാസിൽ,​ തോമസ് മാത്യു,​ ഇർഷാദ്, സംഗീത് പ്രതാപ്,​ അബിൻ ബിനോ,​ ആർഷ ബൈജു,​ ഷോബി തിലകൻ,​ ഭാരതിരാജ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഷാജികുമാർ ക്യാമറയും എഡിറ്റിംഗ് നിഷാദ് യൂസഫും ഷഫീഖ് വിബിയും നിർവഹിച്ചു. ജേക്സ് ബിജോയും ഹരിനാരായണനുമാണ് സംഗീതവിഭാഗം കൈകാര്യം ചെയ്തത്.