'താങ്കൾ ചർമ്മം പരിപാലിക്കുന്നതെങ്ങനെയാണ്?' പ്രധാനമന്ത്രിയോട് ഇന്ത്യൻ വനിതാ ക്രിക്കറ്ററുടെ ചോദ്യം; പിന്നാലെ വേറിട്ടൊരു മറുപടി

Thursday 06 November 2025 6:13 PM IST

മുംബയ്: ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്‌ച നടത്തി. ഇന്ത്യക്കാരെ സംബന്ധിച്ച് ക്രിക്കറ്റ് വെറുമൊരു കളിയല്ലെന്നും അത് ജനതയുടെ ജീവിതവുമായി ചേർന്നിരിക്കുന്നെന്നും മോദി പറഞ്ഞു.

2017ൽ ഇംഗ്ലണ്ടുമായുള്ള വനിതാ ലോകകപ്പ് ഫൈനലിനു ശേഷം തങ്ങൾ പ്രധാനമന്ത്രിയെ സന്ദർശിച്ചത് തനിക്ക് ഇപ്പോഴും ഓർമ്മയുണ്ടെന്ന് ക്യാപ്‌റ്റൻ ഹർമൻ പ്രീത് കൗർ പറഞ്ഞു. അന്ന് തങ്ങളുടെ കൈയിൽ ട്രോഫി ഉണ്ടായിരുന്നില്ലെന്നും എന്നാൽ വർഷങ്ങളുടെ കഠിനാദ്ധ്വാനത്തിലൂടെ ഇത്തവണ ട്രോഫി നേടിയ ശേഷം പ്രധാനമന്ത്രിയെ കാണുന്നത് അഭിമാനകരമാണെന്നും ഹർമൻ പ്രീത് പറഞ്ഞു. ഇനിയുള്ള വർഷങ്ങളിലും ഇത് തുടരുമെന്നും അപ്പോഴും പ്രധാനമന്ത്രിയുമായി ചിത്രങ്ങൾ എടുക്കുമെന്നും ഹർമൻ പ്രീത് കൗർ കൂട്ടിച്ചേർത്തു.

അതിനിടെ ചർമ്മപരിപാലനത്തിനായി പ്രധാനമന്ത്രി പിന്തുടരുന്ന ദിനചര്യ എന്താണെന്നാണ് ടീമിലെ മുൻ നിര ബാറ്ററായ ഹർലീൻ ഡിയോൾ ചോദിച്ചത്. എന്നാൽ താൻ അതേക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നാണ് പ്രധാനമന്ത്രി മറുപടി പറഞ്ഞത്. അതേസമയം, തന്റെ നാട്ടുകാരുടെ സ്‌നേഹമാണ് പ്രധാനമന്ത്രിയുടെ തിളക്കത്തിന് കാരണമെന്ന് ഓൾറൗണ്ടർ സ്നേഹാ റാണ പറഞ്ഞു. അക്കാര്യം ശരിയാണെന്നും അതൊരു വലിയ ശക്തിയുടെ ഉറവിടമാണെന്നും പറഞ്ഞാണ് പ്രധാനമന്ത്രി അതിനോട് പ്രതികരിച്ചത്.

ഞായറാഴ്ച നവി മുംബയ് സ്റ്റേ‌ഡിയത്തിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തിയാണ് ഏകദിന ക്രിക്കറ്റിൽ കിരീടം നേടുന്ന നാലാമത്തെ ടീമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മാറിയത്.