കെജിഎഫ് താരം ഹരീഷ് റായ് അന്തരിച്ചു, കാസിം ചാച്ചയ്ക്ക് വിട പറഞ്ഞ് സിനിമാലോകം

Thursday 06 November 2025 6:59 PM IST

ബംഗളൂരു: കന്നഡ സിനിമാ നടൻ ഹരീഷ് റായ് അന്തരിച്ചു. തൈറോയ്‌ഡ് ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. കെജിഎഫ് എന്ന ചിത്രത്തിൽ കാസിം ചാച്ച എന്ന കഥാപാത്രമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധനേടിയ വേഷം. ഫേസ്ബുക്ക് പോസ്റ്റിലൂടെ കെജിഎഫ് ടീം അനുശോചനം അറിയിച്ചു.

"ഹരീഷ് റായിയുടെ വിയോഗത്തിൽ ഞങ്ങൾ അതീവ ദുഃഖിതരാണ്. നിങ്ങളുടെ അസാധാരണമായ പ്രകടനവും സിനിമയിലേക്ക് നിങ്ങൾ കൊണ്ടുവന്ന മിഴിവും എന്നെന്നും ഓർമ്മിക്കപ്പെടും. പ്രിയ കാസിം ചാച്ച, സമാധാനത്തോടെ വിശ്രമിക്കൂ", എന്നായിരുന്നു കെജിഎഫ് ടീമിന്റെ കുറിപ്പ്. കന്നഡ സിനിമകൾക്ക് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഓം, സമര, ബാംഗ്ലൂർ അണ്ടർവേൾഡ്, ജോഡിഹക്കി, രാജ് ബഹാദൂർ, സഞ്ജു വെഡ്‌സ് ഗീത, സ്വയംവര തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കെജിഎഫ് ഫ്രാഞ്ചൈസിയിലെ രണ്ട് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.