'വന്ദേമാതര'ത്തിന് 150, ഉണർവിന്റെ പ്രഭാതരാഗം
നമ്മുടെ രാഷ്ട്രത്തിന്റെ ദീർഘവും പ്രചോദനാത്മകവുമായ യാത്രയിൽ ഗാനങ്ങളും കലയും പ്രസ്ഥാനങ്ങളുടെ ആത്മാവായി മാറുകയും, കൂട്ടായ വികാരത്തെ പ്രവർത്തനത്തിലേക്ക് രൂപപ്പെടുത്തുകയും ചെയ്ത നിരവധി നിർണായക നിമിഷങ്ങൾ പിറന്നിട്ടുണ്ട്. ഛത്രപതി ശിവജി മഹാരാജിന്റെ സൈന്യത്തിന്റെ യുദ്ധഗീതങ്ങളായാലും, സ്വാതന്ത്ര്യസമരകാലത്ത് ആലപിച്ച ദേശഭക്തിഗാനങ്ങളായാലും, അടിയന്തരാവസ്ഥക്കാലത്തെ യുവാക്കളുടെ ധീരമായ ഈണങ്ങളായാലും, ഇന്ത്യൻ സമൂഹത്തിൽ ഗാനങ്ങൾ എപ്പോഴും കൂട്ടായ ബോധത്തെയും ഐക്യത്തെയും ഉണർത്തിയിട്ടുണ്ട്.
അക്കൂട്ടത്തിൽ ഇന്ത്യയുടെ ദേശീയഗീതമായ 'വന്ദേമാതര"വും ഉൾപ്പെടുന്നു. അതിന്റെ കഥ ആരംഭിച്ചത് യുദ്ധക്കളത്തിലല്ല; പണ്ഡിതനായ ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ശാന്തവും, എന്നാൽ ദൃഢനിശ്ചയമുള്ളതുമായ മനസിലാണ്. 1875-ൽ, ജഗദ്‌ധാത്രി പൂജയുടെ (അക്ഷയ നവമി) ശുഭവേളയിൽ, അദ്ദേഹം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ നിത്യഗാനമായി മാറുന്ന ഒരു ഗീതം രചിച്ചു. പവിത്രമായ ആ വരികളിൽ രാജ്യത്തിന്റെ ഏറ്റവും ആഴമേറിയ നാഗരിക വേരുകളിൽ നിന്ന് അദ്ദേഹം പ്രചോദനം ഉൾക്കൊണ്ടു. അഥർവവേദത്തിന്റെ 'മാതാ ഭൂമിഃ പുത്രോ അഹം പൃഥിവ്യാ' ('ഭൂമി എന്റെ അമ്മയാണ്, ഞാൻ അവളുടെ മകനാണ്') എന്ന പ്രഖ്യാപനം മുതൽ ദേവീമാഹാത്മ്യത്തിലെ ദിവ്യമാതാവിനെക്കുറിച്ചുള്ള പ്രാർത്ഥനവരെ ഇതിന് ആധാരമായി.
പ്രാർത്ഥനയും
പ്രവചനവും
ബങ്കിം ബാബുവിന്റെ വാക്കുകൾ ഒരേസമയം പ്രാർത്ഥനയും പ്രവചനവുമായിരുന്നു. 'വന്ദേമാതരം" വെറും ദേശീയ ഗീതമോ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ജീവരക്തമോ ആയിരുന്നില്ല. ബങ്കിം ചന്ദ്രയുടെ സാംസ്‌കാരിക ദേശീയതയുടെ ആദ്യ പ്രഖ്യാപനമായിരുന്നു അത്. ഇന്ത്യ വെറും ഭൂമിശാസ്ത്രപരമായ പ്രദേശമല്ല; ഭൂപടത്തിലെ വരകളിൽ ഒതുങ്ങാതെ, പൊതുവായ സംസ്‌കാരം, സ്മരണ, ത്യാഗം, വീര്യം, മാതൃത്വം എന്നിവയാൽ ഐക്യപ്പെട്ട ഭൂസാംസ്‌കാരിക നാഗരികതയാണ് അതെന്ന് അതു നമ്മെ ഓർമ്മിപ്പിച്ചു. ഇത് വെറും ഭൂമിയല്ല; ഭക്തിയും കർത്തവ്യബോധവുംകൊണ്ട് പുണ്യമായ തീർത്ഥമാണ്; ഒരു പുണ്യഭൂമിയാണ്.
മഹർഷി അരബിന്ദോ വിവരിച്ചതുപോലെ, ബങ്കിം ആധുനിക ഇന്ത്യയുടെ ഋഷിവര്യനായിരുന്നു. അദ്ദേഹം തന്റെ വാക്കുകളിലൂടെ രാഷ്ട്രത്തിന്റെ ആത്മാവിനെ വീണ്ടും ഉണർത്തി. അദ്ദേഹത്തിന്റെ 'ആനന്ദമഠം" വെറുമൊരു നോവൽ ആയിരുന്നില്ല; സുഷുപ്തിയിലായിരുന്ന ജനതയെ അതിന്റെ ദിവ്യശക്തി വീണ്ടും കണ്ടെത്താൻ പ്രേരിപ്പിച്ച ഗദ്യമന്ത്രമായിരുന്നു! ബങ്കിം ബാബു തന്റെ ഒരു കത്തിൽ എഴുതിയത് ഇങ്ങനെ: 'എന്റെ എല്ലാ കൃതികളും ഗംഗയിൽ നഷ്ടപ്പെട്ടാലും എനിക്ക് എതിർപ്പില്ല; ഈ ഒരു ഗീതം മാത്രം അനശ്വരമായി നിലനിൽക്കും. അതൊരു മഹത്തായ ഗാനമായിരിക്കും, ജനങ്ങളുടെ ഹൃദയങ്ങളെ കീഴടക്കും..." ഈ വാക്കുകൾ പ്രവചനാത്മകമായിരുന്നു.
കോളനിവാഴ്ചയുടെ ഏറ്റവും ഇരുണ്ട കാലഘട്ടങ്ങളിലൊന്നിൽ എഴുതിയ 'വന്ദേമാതരം" ഉണർവിന്റെ പ്രഭാതഗാനമായി മാറി. സാംസ്‌കാരിക അഭിമാനവും നാഗരിക ദേശീയതയും സംയോജിപ്പിച്ച ഗാനമായി അതു മുഴങ്ങി. മാതൃഭൂമിയോടുള്ള ഭക്തി തന്റെ ഓരോ അണുവിലും അനുരണനം ചെയ്യുന്ന ഒരു മനുഷ്യനു മാത്രമേ അത്തരം വരികൾ എഴുതാൻ കഴിയുമായിരുന്നുള്ളൂ.
നിരോധനത്തെ
മറികടന്ന ഗീതം
1896-ൽ, രബീന്ദ്രനാഥ ടാഗോർ 'വന്ദേമാതരം" എന്ന ഗാനം കൽക്കട്ട കോൺഗ്രസ് സമ്മേളനത്തിൽ ആലപിച്ചു. അത് ആ ഗീതത്തിന് അതിന്റെ ശബ്ദവും അനശ്വരതയും നൽകി. ഭാഷയുടെയും പ്രദേശത്തിന്റെയും അതിർവരമ്പുകൾ മറികടന്ന്, രാജ്യത്തുടനീളം അത് പ്രതിദ്ധ്വനിച്ചു. തമിഴ്നാട്ടിൽ, സുബ്രഹ്മണ്യ ഭാരതി ഇത് തമിഴിലേക്ക് മൊഴിമാറ്റം ചെയ്തു, പഞ്ചാബിൽ വിപ്ലവകാരികൾ ബ്രിട്ടീഷ് ഭരണത്തെ ധിക്കരിച്ച് അത് ആലപിച്ചു. 1905-ൽ ബംഗാൾ വിഭജന സമയത്ത്, പ്രവിശ്യയിലുടനീളം കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ 'വന്ദേമാതരം" പരസ്യമായി ചൊല്ലുന്നത് ബ്രിട്ടീഷുകാർ നിരോധിച്ചു. എന്നിരുന്നാലും, 1906 ഏപ്രിൽ 14-ന് ബരിസാലിൽ ആയിരക്കണക്കിന് ആളുകൾ ആ ഉത്തരവ് ലംഘിച്ചു. സമാധാനപരമായി പ്രതിഷേധിച്ച ജനക്കൂട്ടത്തിനു നേരെ പോലീസ് ലാത്തിച്ചാർജ് നടത്തിയപ്പോൾ, സ്ത്രീകളും പുരുഷന്മാരും ഒരപോലെ തെരുവിൽ ചോരയൊലിപ്പിച്ചു നിന്നു; ഒരേ സ്വരത്തിൽ 'വന്ദേ മാതരം" എന്ന് ആർത്തുവിളിച്ചു.
അവിടെ നിന്ന് ഈ വിശുദ്ധ ഗാനം ഗദ്ദർ പാർട്ടിയുടെ വിപ്ലവകാരികളോടൊപ്പം കാലിഫോർണിയയിലേക്ക് സഞ്ചരിച്ചു. നേതാജിയുടെ സൈനികർ സിംഗപ്പൂരിൽ നിന്ന് മാർച്ച് ചെയ്യുമ്പോൾ ആസാദ് ഹിന്ദ് ഫൗജിന്റെ നിരകളിൽ അത് പ്രതിദ്ധ്വനിച്ചു. 1946-ലെ റോയൽ ഇന്ത്യൻ നേവി കലാപത്തിൽ ബ്രിട്ടീഷ് യുദ്ധക്കപ്പലുകളിൽ ഇന്ത്യൻ നാവികർ ത്രിവർണപതാക ഉയർത്തിയപ്പോഴും അത് മുഴങ്ങി. ഖുദിറാം ബോസ് മുതൽ അഷ്ഫാഖുള്ള ഖാൻ വരെയും, ചന്ദ്രശേഖർ ആസാദ് മുതൽ തിരുപ്പൂർ കുമരൻ വരെയും, ആ മുദ്രാവാക്യം ഒന്നായി പ്രതിദ്ധ്വനിച്ചു.
അത് വെറുമൊരു ഗാനമായിരുന്നില്ല; അത് രാജ്യത്തിന്റെ ആത്മാവിന്റെ കൂട്ടായ ശബ്ദമായി മാറിയിരുന്നു. 'വന്ദേമാതര"ഏറ്റവും മന്ദീഭവിച്ച രക്തത്തെ പോലും ഇളക്കിവിടാനുള്ള മാന്ത്രിക ശക്തിയുണ്ടെന്ന് മഹാത്മാഗാന്ധി തന്നെ സമ്മതിച്ചിട്ടുണ്ട്. അത് ലിബറലുകളെയും വിപ്ലവകാരികളെയും പണ്ഡിതരെയും സൈനികരെയും ഒരപോലെ ഒന്നിപ്പിച്ചു. മഹർഷി അരബിന്ദോ പ്രഖ്യാപിച്ചതുപോലെ, അത് 'ഇന്ത്യയുടെ പുനർജന്മത്തിന്റെ മന്ത്രം" ആയിരുന്നു.
വികസനത്തിന്റെ
പ്രവർത്തന മന്ത്രം
ഒക്ടോബർ 26 ന്, തന്റെ മൻ കി ബാത്ത് പ്രഭാഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 'വന്ദേമാതര"ത്തിന്റെ മഹത്തായ പൈതൃകത്തെക്കുറിച്ച് രാജ്യത്തെ ഓർമ്മിപ്പിച്ചു. ഈ അനശ്വര ഗീതത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്നതിനായി, ഇന്നു മുതൽ ഒരു വർഷത്തേക്ക് രാജ്യവ്യാപകമായി പരിപാടികൾ സംഘടിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഈ ആഘോഷങ്ങളിലൂടെ 'വന്ദേമാതര"ത്തിന്റെ പൂർണരൂപം വീണ്ടും രാജ്യമെമ്പാടും പ്രതിദ്ധ്വനിക്കും. 'സാംസ്‌കാരിക ദേശീയത" എന്ന ആശയം സ്വാംശീകരിക്കാൻ യുവജനങ്ങളെ അത് പ്രചോദിപ്പിക്കും. സർദാർ വല്ലഭ്ഭായ് പട്ടേലിന് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ ആദരം അർപ്പിക്കുകയും ഭാരത് പർവ് ആഘോഷിക്കുകയും ചെയ്യുമ്പോൾ, ഇന്ത്യയുടെ ഏകീകരണത്തിനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ 'വന്ദേമാതര"ത്തിന്റെ ജീവസുറ്റ രൂപമായിരുന്നുവെന്ന് നമുക്ക് ഓർമ്മിക്കാം.
'വന്ദേമാതരം" സ്വാതന്ത്ര്യത്തിന്റെ ഗാനമാണ്. വിട്ടുവീഴ്ചയില്ലാത്ത ദൃഢനിശ്ചയത്തിന്റെയും രാജ്യത്തിന്റെ ഉണർവിന്റെയും ആദ്യ മന്ത്രവുമാണ് അത്. ഒരു ജനതയുടെ ആത്മാവിൽ നിന്ന് ഉയിർക്കൊണ്ട വാക്കുകൾ അനശ്വരമാണ്. അവ യുഗങ്ങളിലൂടെയും തലമുറകളിലൂടെയും മാറ്റൊലിക്കൊണ്ട് ജീവിക്കുന്നു. നമ്മുടെ ചരിത്രം, നമ്മുടെ സംസ്‌കാരം, നമ്മുടെ മൂല്യങ്ങൾ, നമ്മുടെ പാരമ്പര്യങ്ങൾ എന്നിവയെ ഭാരതീയതയുടെ ദർശനത്തിലൂടെ വീക്ഷിക്കാൻ ഇത് നമ്മെ പ്രചോദിപ്പിക്കുന്നു.
ഈ ഗാനം ഭൂതകാലത്തിന്റെ ഓർമ്മപ്പെടുത്തൽ മാത്രമല്ല, ഭാവിയിലേക്കുള്ള ആഹ്വാനവുമാണ്. 2047-ലെ വികസിത ഇന്ത്യയെക്കുറിച്ചുള്ള, സ്വയംപര്യാപ്തവും, പുനരുജീവനക്ഷമതയുള്ളതുമായ ഒരു രാജ്യത്തെക്കുറിച്ചുള്ള നമ്മുടെ ദർശനത്തിന് 'വന്ദേമാതരം"പ്രചോദനം നൽകുന്നു. ഇത് നമ്മുടെ സാംസ്‌കാരിക ആത്മവിശ്വാസത്തിന്റെ ഗാനമാണ്. ഇനി ആ ചൈതന്യത്തെ പ്രവർത്തനമാക്കി മാറ്റേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.