ആധുനിക ചികിത്സയുടെ മറ്റൊരു നേട്ടം
രണ്ടു തലമുറകൾക്ക് മുന്നിലുള്ളവർക്ക് മരണകാരണമായിരുന്ന പല അസുഖങ്ങളും നിസ്സാരമായി ചികിത്സിച്ച് പരിഹരിക്കാവുന്നവയായി മാറിയിരിക്കുന്നു. ഇൻസുലിൻ കണ്ടെത്തുന്നതിനു മുമ്പ് പ്രമേഹ രോഗം മൂർച്ഛിച്ചാൽ മരണമായിരുന്നു ഫലം. ഇന്നാകട്ടെ പ്രമേഹത്തെ ഒരു വലിയ രോഗമായിപ്പോലും ആരും കണക്കാക്കുന്നില്ല. ചികിത്സയിലൂടെ എത്രകാലം വേണമെങ്കിലും നിയന്ത്രിക്കാവുന്ന ഒരു ജീവിതശൈലീ രോഗമായി പ്രമേഹം മാറിയിരിക്കുന്നു. അതുപോലെ തന്നെ മരണകാരണമായ പല കടുത്ത രോഗങ്ങളെയും പ്രതിരോധിക്കാനുള്ള വാക്‌സിനുകളുടെ കടന്നുവരവ് ചികിത്സാരംഗത്ത് വിപ്ളവകരമായ മാറ്റങ്ങളാണ് വരുത്തിയത്. മനുഷ്യജീവനുമായി ബന്ധപ്പെട്ടതായതിനാൽ ആരോഗ്യമേഖലയിലെ ഓരോ ചലനങ്ങളും വലിയ തോതിൽ ജനശ്രദ്ധ ആകർഷിക്കും.
സർക്കാരിനു കീഴിലുള്ള ആരോഗ്യവകുപ്പും ആശുപത്രികളും മറ്റും ചെറിയ കാര്യങ്ങൾക്കുപോലും വിമർശനത്തിന് വിധേയമാകുന്നതും മറ്റൊന്നുകൊണ്ടല്ല. പരിമിതികൾക്കിടയിലും സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ സാധാരണക്കാർക്കായി നൽകുന്ന മികച്ച ചികിത്സയും അന്താരാഷ്ട്ര രംഗത്തുതന്നെ ശ്രദ്ധേയമാകുന്ന അപൂർവ നേട്ടങ്ങളും കാണാതെയും വിലയിരുത്തപ്പെടാതെയും പോകുന്നത് ശരിയല്ല. അപൂർവമായ നിരവധി നേട്ടങ്ങൾ സംഭാവന ചെയ്തിട്ടുള്ള മഹത്തായ ഒരു ആതുര സ്ഥാപനമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ്. ഈ നേട്ടങ്ങളുടെ പട്ടികയിൽ ഏറ്റവും ഒടുവിലായി മറ്റൊന്നു കൂടി ഈ സ്ഥാപനം തുന്നിച്ചേർത്തിരിക്കുന്നു. നെഞ്ചു തുളയ്ക്കാതെ പേസ് മേക്കർ ഘടിപ്പിക്കുന്ന ആധുനിക ചികിത്സ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം വിജയകരമായി നടത്തിയതാണത്. ഇതോടെ കേരളത്തിൽ ഇതു നടപ്പാക്കിയ ആദ്യ മെഡിക്കൽ കോളേജ് എന്ന ഖ്യാതിയും സ്വന്തമായി.
താക്കോൽദ്വാര ശസ്‌ത്രക്രിയാ മാർഗം ഉപയോഗിച്ച് അഞ്ചൽ സ്വദേശിയായ എഴുപത്തിനാലുകാരനായ രോഗിയിലാണ് പേസ്‌മേക്കർ ഘടിപ്പിച്ചത്. പേസ് മേക്കർ, കാലിന്റെ ഇടുക്കിലൂടെ പ്രത്യേക ട്യൂബ് ഉപയോഗിച്ച് ഹൃദയത്തിൽ നേരിട്ട് എത്തിക്കുകയാണ് ചെയ്തത്. നെഞ്ചിന് തടിപ്പോ മറ്റ് വ്യത്യാസങ്ങളോ കാണില്ല. താക്കോർദ്വാര ശസ്ത്രക്രിയാ മാർമാണ് ഇതിന് ഉപയോഗിക്കുന്നത്. ശസ്‌ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ കാർഡിയോളജി വിഭാഗം മേധാവി ഡോ. മാത്യു ഐപ്പ്, ഡോ. സിബു മാത്യു, ഡോ. കൃഷ‌്ണകുമാർ എന്നിവരും ഈ പുതിയ മാർഗം വിജയകരമാക്കാൻ ശ്രമിച്ച മറ്റ് ഡോക്ടർമാരും സാങ്കേതിക വിദഗ്ദ്ധരും സഹായികളുമെല്ലാം പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ഒരു വലിയ കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണിത്.
സാധാരണ പേസ്‌മേക്കറിന് പത്തുവർഷമാണ് കാലാവധി. എന്നാൽ കീഹോൾ സർജറിയിലൂടെ ഇടുന്ന ലീഡ് ലെസ് പേസ്‌മേക്കറിന് രണ്ടുവർഷം കൂടി അധിക കാലാവധി ലഭിക്കും. സ്വകാര്യ ആശുപത്രികളിൽ 12 ലക്ഷത്തിലധികം രൂപ ചെലവാകുന്ന ഈ ശസ്‌ത്രക്രിയയ്ക്ക് സർക്കാർ മെഡിക്കൽ കോളേജിൽ എട്ട് ലക്ഷം രൂപയാണ് ചെലവ്. തദ്ദേശീയമായി നിർമ്മിക്കുന്ന പേസ് മേക്കറുകൾ ലഭ്യമാക്കാനായാൽ ചെലവ് ഇനിയും കുറയ്ക്കാവുന്നതാണ്. നെഞ്ചിൽ മുറിവില്ല, രക്തനഷ്ടമില്ല, തുന്നൽ വേണ്ട, വേഗത്തിൽ ആശുപത്രിയിൽ നിന്ന് മടങ്ങാം തുടങ്ങിയ പല പ്രത്യേകതകളും ഇതിനുണ്ട്. ആധുനിക ചികിത്സയുടെ ഈ നേട്ടം മറ്റ് സക്കാർ മെഡിക്കൽ കോളേജുകളിലും ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഒരുക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം.