മംദാനിയുടെ ഉജ്ജ്വല വിജയം

Friday 07 November 2025 3:23 AM IST

ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജൻ സൊഹ്‌‌‌റാൻ മംദാനിയുടെ ഉജ്ജ്വല വിജയം തൊഴിലാളിവർഗത്തിനും സാധാരണക്കാർക്കും പുതിയ പ്രതീക്ഷകൾ പകരുന്നതാണ്. ഭീഷണിയുടെയും അടിച്ചമർത്തലിന്റെയും അപ്രമാദിത്വത്തിന്റെയും ഭാഷ മുഴക്കി ലോകത്തെ മുഴുവൻ താൻ വരച്ച വരയിൽ നിറുത്താൻ ശ്രമിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സ്വന്തം നാട്ടിൽ കിട്ടിയ വലിയ തിരിച്ചടി കൂടിയായി മാറിയതാണ് ഈ ഡെമോക്രാറ്റിക് യുവതാരത്തിന്റെ വിജയം ഇത്രയും അന്താരാഷ്ട്ര ശ്രദ്ധ നേടാൻ ഇടയാക്കിയത്. മംദാനിയെ തോൽപ്പിക്കാൻ ട്രംപ് ആവനാഴിയിലെ എല്ലാ അസ്‌ത്രങ്ങളും ഉപയോഗിച്ചിരുന്നു. മംദാനി വിജയിച്ചാൽ ന്യൂയോർക്കിനുള്ള ഫെഡറൽ സഹായം നിറുത്തുമെന്നുപോലും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം തള്ളിക്കളഞ്ഞ് ജനങ്ങൾ മംദാനിയെ വിജയിപ്പിച്ചത് ട്രംപിന്റെ ബെല്ലും ബ്രേക്കുമില്ലാത്ത തീവ്ര കുടിയേറ്റ, തീരുവ നയത്തിനേറ്റ തിരിച്ചടിയായിക്കൂടിയാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

മംദാനിയുടെ അമ്മ പ്രശസ്ത സിനിമാ സംവിധായിക എന്ന നിലയിൽ ഇന്ത്യയാകെ പ്രശസ്തയായ മീരാ നായരാണെന്നത് നമുക്കും ഈ വിജയത്തിൽ പ്രത്യേകമായി ആഹ്ലാദിക്കാൻ വക നൽകുന്നു. പഞ്ചാബ് - ഡൽഹി കുടുംബവേരുകളുള്ള മീരാ നായരുടെയും കൊളംബിയ സർവകലാശാലാ പ്രൊഫസറായ മഹ്‌മൂദ് മംദാനിയുടെയും മകനായി ഉഗാണ്ടയിൽ ജനിച്ച മംദാനി ന്യൂയോർക്ക് മേയറാകുന്ന ആദ്യ മുസ്ളിം കൂടിയാണ്. ആഫ്രിക്കയിൽ ജനിച്ച ഒരാൾ ന്യൂയോർക്ക് മേയറാവുന്നതും ആദ്യമാണ്. 'പുതിയതിലേക്ക് ചുവടുവയ്ക്കുമ്പോൾ, അടി​ച്ചമർത്തപ്പെട്ട ഒരു രാഷ്ട്രത്തി​ന്റെ ആത്മാവ് ശബ്ദം കണ്ടെത്തുന്നു... ഇന്ന് രാത്രി​, നമ്മൾ പഴയതി​ൽ നി​ന്ന് പുതി​യതി​ലേക്ക് ചുവടുവച്ചി​രി​ക്കുന്നു..." 1947 ആഗസ്റ്റ് 14-ന് നെഹ്‌റു നടത്തിയ പ്രസിദ്ധമായ 'വിധിയുമായുള്ള സമാഗമം" എന്ന പ്രസംഗത്തിലെ വരികൾ ഉദ്ധരിച്ചുകൊണ്ടാണ് ഫലമറിഞ്ഞതിനു ശേഷമുള്ള മംദാനിയുടെ ആദ്യ പ്രസംഗമെന്നതും ഏറെ ശ്രദ്ധേയമായി.

ലോകത്ത് ഏറ്റവും ജീവിതച്ചെലവ് കൂടിയ നഗരങ്ങളിൽ മുൻപന്തിയിലാണ് ന്യൂയോർക്കിന്റെ സ്ഥാനം. ഇത് കുറയ്ക്കാനുള്ള സാമ്പത്തിക നടപടികളുടെ വിശദമായ ചിത്രമാണ് മംദാനി വോട്ടർമാരുടെ മുന്നിൽ വച്ചത്. വീട് വാടക നിയന്ത്രണം, സൗജന്യ ബസ് യാത്ര, തദ്ദേശ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള പ്രൊവിഷൻ കടകൾ, അഞ്ചു വയസു വരെയുള്ള കുട്ടികൾക്ക് സൗജന്യ പരിചരണം തുടങ്ങിയവയാണ് അദ്ദേഹം മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ. ട്രംപിന്റെ തീരുവയുദ്ധം അമേരിക്കയിൽ വൻ വിലവർദ്ധനവിന് ഇടയാക്കിയിരിക്കെ മംദാനിയുടെ ഈ വാഗ്ദാനങ്ങൾ ജനങ്ങൾ സന്തോഷപൂർവം സ്വീകരിക്കുകയായിരുന്നു. സാധാരണക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള അധിക തുക സമ്പന്നർക്കു മേൽ പുതിയ നികുതി ഏർപ്പെടുത്തുന്നതിലൂടെ സമാഹരിക്കുമെന്ന മംദാനിയുടെ പ്രഖ്യാപനമാണ് വിജയത്തിന്റെ അടിസ്ഥാനം ഉറപ്പിച്ചത്.

തൊഴിലാളിവർഗത്തിന്റെയും സാധാരണക്കാരുടെയും താത്‌‌പര്യങ്ങളാണ് മംദാനി ഉയർത്തിപ്പിടിച്ചത്. മറുവശത്ത് ട്രംപാകട്ടെ പ്രഥമ പരിഗണന എല്ലായ്‌പ്പോഴും നൽകുന്നത് ബിസിനസുകാരുടെയും സമ്പന്നരുടെയും താത്‌പര്യങ്ങൾക്കാണ്. മംദാനി സോഷ്യലിസ്റ്റ് ആശയഗതിക്കാരനാണ്. എന്നാൽ കമ്മ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിച്ച് ജനവിരുദ്ധനാക്കാനാണ് ട്രംപ് ശ്രമിച്ചത്. എന്നാൽ ന്യൂയോർക്കിലെ പ്രബുദ്ധരായ വോട്ടർമാർ ജനപക്ഷത്തു നിലകൊണ്ട മംദാനിയെ തിരഞ്ഞെടുത്തുകൊണ്ട് ലോകത്തിനു മുഴുവൻ ഒരു ബദൽ രാഷ്ട്രീയത്തിന്റെ സന്ദേശമാണ് പകർന്നിരിക്കുന്നത്. യുവാക്കളുടെ ഹരമാണ് മംദാനി; ഇസ്രയേലിന്റെ കടുത്ത വിമർശകനും. ആശയപരമായും പ്രവർത്തനപരമായും ട്രംപിന്റെ എതിർ ധ്രുവത്തിൽ നിൽക്കുന്ന മംദാനി നഗര ഭരണത്തിന്റെ ഒരു പുതിയ അദ്ധ്യായം കുറിക്കട്ടെ എന്ന് ആശംസിക്കാം.