'പ്രോട്ടീനിൽ വിശ്വസിക്കുന്നില്ല, സസ്യാഹാരം മാത്രമാണ് കഴിക്കുന്നത്'; സഹതാരങ്ങളെ അമ്പരിപ്പിക്കുന്ന ഫിറ്റ്നസ് രഹസ്യം

Thursday 06 November 2025 7:31 PM IST

തുപ്പാക്കി, അഞ്ചാൻ, ബില്ലാ 2 തുടങ്ങി തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് വിദ്യുത് ജംവാൾ. കൂടുതലും വില്ലൻ വേഷങ്ങളിലൂടെയും ആക്ഷൻ രംഗങ്ങളിലൂടെയുമാണ് അദ്ദേഹം പ്രേക്ഷകരെ അതിശയിപ്പിക്കാറുള്ളത്. അതിനൊപ്പം അദ്ദേഹം പിൻതുടരുന്ന ഫിറ്റ്‌നസ് രീതികളും പലപ്പോഴും വലിയ ജനശ്രദ്ധ നേടാറുണ്ട്. ഫിറ്റ്‌നസിനെ പുനർനിർവ്വചിക്കും വിധമുള്ള അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പരാമർശം സഹതാരങ്ങളെപ്പോലും അമ്പരപ്പിക്കുകയാണ്.

ഒരു ലൈവ്- ആക്ഷൻ ചിത്രത്തിലൂടെ ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന താരം പ്രോട്ടീനിൽ താൻ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞതായാണ് റിപ്പോർട്ടുകൾ. ആകാശ് സിങ്ങുമായി നടത്തിയ പോഡ്കാസ്‌റ്റിൽ അദ്ദേഹത്തിന്റെ സഹതാരമായ ആൻഡ്രൂ ഷൂൾസാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. വിദ്യുതിന്റെ പുതിയ ഹോളിവുഡ് ആക്ഷൻ ചിത്രത്തിൽ കോമഡി കഥാപാത്രമായാണ് ആൻഡ്രൂ എത്തുന്നത്. പ്രോട്ടീൻ ഒരു മിഥ്യയാണെന്ന് വിദ്യുത് പറഞ്ഞതായാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

സ്‌ട്രീറ്ര് ഫൈറ്റർ ഫ്രാഞ്ചൈസി അവതരിപ്പിക്കുന്ന ആക്ഷൻ ചിത്രത്തിൽ ഏക ഇന്ത്യൻ പോരാളിയായ ധാൽമിസിന്റെ വേഷമാണ് വിദ്യുത് ചെയ്യുന്നത്. അതിന്റെ ചിത്രീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ കുറച്ച് മാസങ്ങളായി യുഎസിലായിരുന്നു താരം. വിദ്യുത് സസ്യാഹാരിയാണെന്നും അദ്ദേഹത്തന്റെ ദൃഢവും ശക്തവുമായ തന്റെ ശരീരത്തിനു പിന്നിൽ പൂർണമായും സസ്യാഹരങ്ങൾ ഉൾപ്പെടുത്തിയ ഭക്ഷണക്രമമാണ് കാരണമെന്നും ആൻഡ്രൂ പറ‌ഞ്ഞു.

എന്നാൽ പോഡ്കാ‌സ്‌റ്റിൽ പങ്കെടുത്ത മറ്റ‌ാർക്കും ഇക്കാര്യം വിശ്വസിക്കാനായില്ല. ആയോധനകലയോടൊപ്പം സസ്യാഹാരത്തിൽ ഊന്നിയുള്ള ഫിറ്റ്‌നസ് രീതിയാണ് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ഫിറ്റായ താരമായി അദ്ദേഹത്തിന് സ്ഥാനം നേടിക്കൊടുത്തത്.