ആറ്റിങ്ങലിൽ സ്വീവേജ് പ്ലാന്റ് പ്രഖ്യാപനങ്ങളിൽ ഒതുങ്ങി

Friday 07 November 2025 1:18 AM IST

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ സ്വീവേജ് മാലിന്യ പ്ലാന്റ് നിർമ്മിക്കാനുള്ള നഗരസഭ നീക്കം പ്രഖ്യാപനങ്ങളിൽ ഒതുങ്ങി. ഖരമാലിന്യ പ്ലാന്റിനോടു ചേർന്ന് പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികൾ നടത്തിയ കടുത്ത പ്രതിഷേധ സമരങ്ങളെ തുടർന്നാണ് പദ്ധതി ഉപേക്ഷിച്ചത്. തുടർന്ന് മാലിന്യ പ്ലാന്റിനായി ആറ്റിങ്ങൽ മാമം പാലത്തിനു സമീപമുള്ള പുറമ്പോക്ക് ഭൂമി ആറ്റിങ്ങൽ നഗരസഭ കണ്ടെത്തുകയും അവിടെ മാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ കൗൺസിൽ തീരുമാനിക്കുകയുമായിരുന്നു. ഇവിടെ പ്ലാന്റിന്റെ പണികൾ ആരംഭിക്കുന്നതിനായി പുറമ്പോക്ക് ഭൂമി വിട്ടുകിട്ടുന്നതിനായി ജില്ലാ കളക്ടറുടെ അനുമതി തേടുകയും അത് ലഭിക്കുകയും ചെയ്തു. ഇവിടെയും നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ അതും ഉപേക്ഷിച്ചു.

സംസ്ഥാനത്ത് തിരുവനന്തപുരത്ത് മുട്ടത്തറയിലും എറണാകുളം വെല്ലിംഗ്ടൺ ഐലന്റിലും വയനാട്ടിലുമാണ് ഇത്തരം പ്ലാന്റുള്ളത്. പ്ലാന്റ് നിർമ്മാണം വൈകിയാൽ തുക ലാപ്സാകുമെന്ന കേന്ദ്ര നിർദ്ദേശമെത്തി മാസങ്ങൾ കഴിഞ്ഞിട്ടും പ്ലാന്റ് സ്ഥാപിക്കാൻ ഇനിയും സ്ഥലം കണ്ടെത്തിയിട്ടില്ല.

 പ്ലാന്റിന് അനുവദിച്ചത്...... 4.75 കോടി

 ഫണ്ട് നൽകുന്നത്....... കേന്ദ്ര സർക്കാർ

 എതിർപ്പുമായി ജനം

നിലവിലെ മാലിന്യ സംസ്കരണ പ്ലാന്റിനോട് ചേർന്നുതന്നെ എഫ്.എസ്.ടി.പി പ്ലാന്റ് തുടങ്ങാനായിരുന്നു നഗരസഭയുടെ തീരുമാനം. എന്നാൽ നിലവിലെ പ്ലാന്റിലെ സ്ഥലപരിമിതി മൂലം ഖരമാലിന്യം കൃത്യസമയത്ത് സംസ്കരിക്കാത്തതുകൊണ്ട് മാലിന്യം കുമിഞ്ഞുകൂടി. ഇതോടെ പ്രദേശത്ത് ജീവിക്കാൻ കഴിയുന്നില്ലെന്നും, പുതിയ മാലിന്യ പ്ലാന്റ് കൂടി നിലവിലെ സ്ഥലത്ത് ആരംഭിച്ചാൽ അതിനെ തടയുമെന്നും പ്രദേശവാസികൾ ആറ്റിങ്ങൽ നഗരസഭയെ അറിയിച്ചിരുന്നു.

 സ്ഥലം കിട്ടാനില്ല

നഗരസഭ എഫ്.എസ്.ടി.പി പ്ലാന്റിനെക്കുറിച്ച് പഠിക്കാനായി കൗൺസിലർമാരുടെയും ഉദ്യോഗസ്ഥന്മാരുടെയും ഒരു സംഘം വയനാട്ടിലെ കൽപ്പറ്റ നഗരസഭയിൽ പ്രവർത്തിക്കുന്ന എഫ്.എസ്.ടി.പി മാലിന്യ പ്ലാന്റ് സന്ദർശിച്ചു പ്രവർത്തനം വിലയിരുത്തി. രണ്ടിടങ്ങളിലും പ്ലാന്റ് നിർമ്മാണത്തിൽ എതിർപ്പ് രൂക്ഷമായതോടെ പുതിയ സ്ഥലം കണ്ടെത്തുന്നതിന് കഴിഞ്ഞില്ല.