പേപ്പാറ പൊടിയക്കാല മേഖലയിൽ വന്യമൃഗശല്യം രൂക്ഷം
വിതുര; വിതുര പഞ്ചായത്തിലെ പേപ്പാറ വാർഡിന്റെ പരിധിയിലുള്ള പൊടിയക്കാല മേഖലയിൽ വന്യമൃഗശല്യം രൂക്ഷമാകുന്നതായി പരാതി. കാട്ടാനയും കാട്ടുപോത്തുമാണ് മേഖലയിൽ ഭീതിയും നാശവും പരത്തി വിഹരിക്കുന്നത്. കൂടാതെ പുലിയുടേയും കരടിയുടേയും ശല്യവുമുണ്ട്. പകൽ സമയത്തുപോലും കാട്ടുമൃഗങ്ങൾ എത്തിയതോടെ ആദിവാസി സമൂഹം ഭീതിയിലാണ്. പേപ്പാറയിൽ നിന്നും പൊടിയക്കാലയിലേക്കുള്ള റോഡും വന്യമൃഗങ്ങൾ കൈയേറിയിരിക്കുകയാണ്.
പകൽസമയത്ത് പോലും റോഡരികിൽ കാട്ടാനയും, കാട്ടുപോത്തും എത്തുന്നത് പതിവാണ്. ഈ റോഡിലൂടെ നടന്നാണ് പൊടിയക്കാല മേഖലയിലെ ആദിവാസി വിദ്യാർത്ഥികൾ മീനാങ്കൽ, വിതുര സ്കൂളുകളിലേക്ക് പുറപ്പെടുന്നത്. മുൻപ് സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാർത്ഥികളെ വഴിമദ്ധ്യേ കാട്ടാനകൾ ആക്രമിച്ച സംഭവവുമുണ്ടായി. അന്ന് പൊടിയക്കാല മേഖലയിലെ വിദ്യാർത്ഥികൾ നേരിടുന്ന ദുരിതം ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് സർക്കാർ പ്രശ്നത്തിൽ ബന്ധപ്പെടുകയും പൊയിയക്കാലയിലേക്ക് ബസ് സർവീസ് ആരംഭിക്കുകയും ചെയ്തിരുന്നു. പേപ്പാറ ഡാമിനായി 36 വർഷം മുൻപ് കുടിയിറക്കപ്പെട്ടവരാണ് പൊടിയക്കാലയിൽ അധിവസിക്കുന്നത്. കുടിയൊഴിപ്പിച്ചപ്പോൾ നൽകിയ വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും കടലാസിലുറങ്ങുകയാണ്.