സ്വർണക്കൊള്ളയ്ക്ക് രാജ്യാന്തര ബന്ധം?

Friday 07 November 2025 2:41 AM IST

'ടന്നൽക്കൂടാണ് ഇളക്കി വിടുന്നതെന്ന് കരുതിയിരുന്നില്ല"". ശബരിമല സ്വർണപ്പാളി കേസിന്റെ ആദ്യഘട്ടത്തിൽ ഹൈക്കോടതി ദേവസ്വംബെഞ്ച് ഇങ്ങനെ അഭിപ്രായപ്പെട്ടിരുന്നു. ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്വർണമോഷണം നടന്നുവെന്ന സൂചന ലഭിച്ചപ്പോഴായിരുന്നു പരാമർശം. വാസ്തവത്തിൽ, കഴി‌ഞ്ഞ സെപ്തംബറിൽ സ്വർണപ്പാളികൾ സ്പെഷ്യൽ കമ്മിഷണറുടെ അനുവാദം കൂടാതെ ഇളക്കിയെടുത്ത് കേരളത്തിന് പുറത്തേക്ക് അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയതിലെ നടപടിക്രമങ്ങളിലുണ്ടായ വീഴ്ച പരിശോധിച്ചാണ് കേസ് ആരംഭിച്ചത്. എല്ലാം സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചെലവിലെന്നാണല്ലോ ദേവസ്വം പറഞ്ഞിരുന്നത്. 40 വർഷം വാറണ്ടി പറഞ്ഞ് സ്വർണം പൂശിയ പാളികൾ മങ്ങിയതെങ്ങനെ? എന്ന ചോദ്യമുയർന്നപ്പോഴാണ് 2019, 1999 കാലഘട്ടത്തിലെ നടപടികളിലേക്ക് കോടതി കണ്ണോടിച്ചത്.

സ്വർണപ്പാളികളെ ചെമ്പെന്ന് രേഖപ്പെടുത്തി അധികൃതരുടെ അറിവോടെ നടന്ന തട്ടിപ്പിലേക്കാണ് പ്രാഥമിക പരിശോധന ചെന്നെത്തിയത്. തുടർന്ന് ദേവസ്വം വിജിലൻസിന്റെ പരിശോധനയിൽ കൂടുതൽ വസ്തുതകളുടെ ചുരുളഴിഞ്ഞു. 26 വർഷം മുമ്പ് വിജയ് മല്യയുടെ കമ്പനി സ്വർണം പൊതിഞ്ഞു നൽകിയ ക്ഷേത്ര വസ്തുക്കളിൽ നിന്ന് സ്വർണം കവരാൻ ആസൂത്രിത ശ്രമമുണ്ടായെന്ന് ബോദ്ധ്യമായി. 2019-ൽ ദ്വാരപാലക ശില്പങ്ങൾക്ക് പുറമേ പീഠങ്ങളും കട്ടിളപ്പാളിയും പോറ്റിയുടെ പക്കൽ യാതൊരു മാനദണ്ഡവുമില്ലാതെ കൊടുത്തയച്ചെന്ന് കണ്ടെത്തി. ഇവ മറ്റ് പലയിടങ്ങളിലും എത്തിച്ച് സംഭാവന പിരിച്ചതായും സൂചന ലഭിച്ചു. പവൻ കണക്കിന് സ്വർണം ചോർത്തിയ ശേഷം പേരിന് മാത്രം സ്വർണം പൂശി അവ തരികെയെത്തിച്ചുവെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ തിരിച്ചെത്തിച്ചത് മറ്റൊരു സെറ്റ് സ്വർണപ്പാളികളാണെന്ന നിഗമനത്തിൽ ഹൈക്കോടതി വൈകാതെ എത്തിച്ചേർന്നു. പ്രത്യേക പൊലീസ് സംഘത്തിന്റെ അന്വേഷണത്തിലും ഇത് സ്ഥിരീകരിക്കാവുന്ന സൂചനകൾ ലഭിച്ചിട്ടുണ്ട്.

ഏറ്റവുമൊടുവിൽ ശ്രീകോവിൽ വാതിലിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ചപ്പോൾ തട്ടിപ്പിന് കൂടുതൽ വ്യക്തതയായി. പഴയ ശ്രീകോവിൽ വാതിൽ മാറ്റിവച്ച്, പോറ്റി പണിതുനൽകിയ പുതിയ വാതിലാണ് 2019-ൽ സ്ഥാപിച്ചത്. പഴയ വാതിലിൽ പൊതിഞ്ഞിരുന്ന സ്വർണം എവിടെ? വാതിൽ പോറ്റിക്ക് കൈമാറിയിരുന്നോ? അഭിഷേകം കൗണ്ടറിന് മുന്നിൽ മഴ നനഞ്ഞ് കിടന്നിരുന്ന ശ്രീകോവിൽ വാതിൽ ഏതാണ്? തുടങ്ങിയ കാര്യങ്ങളാണ് കോടതി ഇപ്പോൾ ആരാഞ്ഞിരിക്കുന്നത്. എസ്.ഐ.ടി ഇതിൽ പുതിയ കേസെടുക്കും. സംഭവങ്ങളുടെ നാൾ വഴികൾ വീണ്ടും വിലയിരുത്തിയ കോടതി രാജ്യാന്തര ക്ഷേത്ര മോഷണ സംഘങ്ങളെ ഇടക്കാല ഉത്തരവിൽ പരാമർശിച്ചിരിക്കുകയാണ്.

ക്ഷേത്രകലാവസ്തുക്കൾ മോഷ്ടിക്കുന്ന രാജ്യാന്തര സംഘത്തിന്റെ പ്രവർത്തന രീതിയുമായി ശബരിമലയിലെ സ്വർണക്കൊള്ളയ്‌ക്ക് സാമ്യമുണ്ടെന്നാണ് ഹൈക്കോടതി പറഞ്ഞത്. കുപ്രസിദ്ധ വിഗ്രഹ മോഷ്ടാവായ സുഭാഷ് കപൂർ ഉൾപ്പെടെ ചെയ്ത ഓപ്പറേഷന് സമാനമാണിത്. വിലപ്പെട്ട വസ്തുക്കളുടെ ഒറിജിനൽ മാറ്റിവച്ച് പകർപ്പുകൾ ഹാജരാക്കിയുള്ള മോഷണമാണ് നടന്നതെന്ന സംശയം ബലപ്പെടുകയും ചെയ്തു.

ആവിയായ 275 പവൻ

ശ്രീകോവിലിന്റെ പഴയ വാതിലിന് 1998-99ൽ വിജയ് മല്യയുടെ കമ്പനി, 24 ക്യാരറ്റിന്റെ 2519.76 ഗ്രാം സ്വർണം പൊതിഞ്ഞിരുന്നു. പോറ്റി നിർമ്മിച്ച വാതിലാണ് പകരം വച്ചത്. ഇതിൽ പൂശുന്നതിന് 324.40 ഗ്രാം സ്വർണം മാത്രമാണ് ഉപയോഗിച്ചതെന്ന് മഹസറിൽ നിന്ന് കോടതി വിലയിരുത്തി. അപ്പോൾ കാണാതായത് 274.5 പവൻ വരും. സ്വർണത്തിന്റെ ഇപ്പോഴത്തെ മാർക്കറ്റ് വിലയിൽ 2.4 കോടി രൂപ! 2018-2019ലാണ് ശ്രീകോവിലിന്റെ വാതിൽ അറ്റകുറ്റപ്പണി ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചത്. പോറ്റി തൃശൂരിലെ നന്ദൻ എന്ന മരപ്പണിക്കാരനെ ചുമതലപ്പെടുത്തി ബംഗളൂരുവിൽ വച്ച് മരം കൊണ്ട് പുതിയ വാതിൽ നിർമ്മിച്ച് ഹൈദരാബാദിൽ എത്തിച്ച് ചെമ്പ് പൊതിയുകയും ചെന്നൈയിൽ സ്വർണം പൂശുകയും ചെയ്തു.

2019 മാർച്ചിൽ ഇത് സന്നിധാനത്തേക്ക് കൊണ്ടുവരും വഴി കോട്ടയം എളമ്പള്ളി അമ്പലത്തിൽ പൂജ നടത്തി. സിനിമാനടനും ദേവസ്വം ഉദ്യോഗസ്ഥരും പങ്കെടുത്തു. പോറ്റിക്ക് ദേവസ്വം അധികൃതർ പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. അവിശുദ്ധ ബന്ധം തുടങ്ങിയിട്ട് വർഷങ്ങളായെന്നും കോടതി കുറ്റപ്പെടുത്തിയിട്ടുണ്ട്. കേസിൽ ഇതുവരെ മൂന്നുപേർ അറസ്റ്രിലായിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റി, ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ്‌കുമാർ എന്നിവരാണ് അഴിയെണ്ണുന്നത്. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിനെ മൂന്നാം പ്രതിയായി ചേർത്തിട്ടുമുണ്ട്.

പഴുതുകൾ അടയ്ക്കും

ശബരിമലയിലെ സ്വർണമോഷണം കൃത്യമായി തിട്ടപ്പെടുത്താൻ ആവശ്യമായ ശാസ്ത്രീയ അന്വേഷണ മാർഗങ്ങൾ ഹൈക്കോടതി നിർദ്ദേശിച്ചു. പഴുതടച്ച അന്വേഷണത്തിനുള്ള നിർദ്ദേശങ്ങളാണ് എസ്.ഐ.ടിക്ക് നൽകിയിരിക്കുന്നത്. ദ്വാരപാലക സ്വർണപ്പാളികളുടെയും സൈഡ് പില്ലർ പാളികളുടെയും തൂക്കമെടുക്കണം. 2019-ൽ ഘടിപ്പിച്ച കട്ടിളപ്പാളികളുടെ തൂക്കമെടുക്കണം. അന്ന് തൂക്കം രേഖപ്പെടുത്തിയിരുന്നില്ല. പോറ്റിക്ക് കൈമാറിയിട്ടില്ലാത്ത ക്ഷേത്രഭാഗത്തു നിന്ന് സ്വർണ സാമ്പിളെടുക്കണം. 1998-ൽ സ്വർണം പൊതിഞ്ഞതിന്റെ അളവും പിന്നീടുണ്ടായ നഷ്ടവും തിട്ടപ്പെടുത്താനാണിത്. കേസിൽ ഉൾപ്പെട്ട ഭാഗത്തിന്റെ വിസ്തീർണം പ്രത്യേകം രേഖപ്പെടുത്തണം. ദ്വാരപാലകശില്പങ്ങളിലെയും കട്ടിളയിലെയും ചെമ്പുപാളികളുടെ സാമ്പിളെടുക്കണം. മറ്റിടങ്ങളിൽ നിന്നും സാമ്പിളെടുക്കണം. ഇത് ഫിസിക്കൽ, കെമിക്കൽ, ഇലക്ട്രിക് കണക്ടിവിറ്റി ടെസ്റ്റുകൾ, സ്പെക്ട്രോസ്കോപ്പിക് അനാലിസിസ്, മൈക്രോ സ്ട്രക്ചർ പരിശോധന എന്നിവയ്‌ക്ക് വിധേയമാക്കണം. ശബരിമലയിലെ വിലപ്പെട്ട സ്വത്തുക്കൾ അലക്ഷ്യമായി കൈകാര്യം ചെയ്തത് ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു.

തട്ടിപ്പിന്റെ വ്യാപ്തി ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലും ഗൂഢാലോചന നടന്നിട്ടുണ്ട്. സ്വർണം വാങ്ങിയ ബെല്ലാരിയിലെ ജുവലറി ഉടമ ഗോവർദ്ധനേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. രാജ്യാന്തര ബന്ധത്തിലേക്ക് കോടതി വിരൽ ചൂണ്ടിയ സാഹചര്യത്തിൽ ആ വഴിക്കും അന്വേഷണമുണ്ടാകും. ശ്രദ്ധിക്കേണ്ട മറ്രൊരു കാര്യമുണ്ട്. ശബരിമലയിലേക്ക് 30 കിലോ സ്വർണം നൽകിയ വിജയ് മല്യ ഇതേക്കുറിച്ചൊക്കെ വിശദീകരിക്കാൻ ഇന്ത്യയിലില്ല. ശതകോടികളുടെ ബാങ്ക് തട്ടിപ്പിൽ പ്രതിയായി നാടുവിട്ടിരിക്കുകയാണ് അദ്ദേഹം!