കരകുളത്ത് സ്റ്റൈലിഷ് നീന്തൽക്കുളം 'ഓപ്പറേഷൻ ഒളിമ്പ്യ"യ്ക്കൊരുങ്ങി നീന്തൽ പ്രതിഭകൾ
നെടുമങ്ങാട്: നീന്തൽ പഠനത്തിനായി കരകുളത്തെ കുട്ടികൾ ഇനി അലയേണ്ടതില്ല. കരകുളത്തുകാരുടെ ഒളിമ്പിക്സ് ഗ്രാമം പുതുമോടിയിലേക്ക്. പത്ത് വർഷമായി അടഞ്ഞുകിടന്നിരുന്ന നീന്തൽക്കുളം മന്ത്രി ജി.ആർ.അനിൽ മുൻകൈയെടുത്ത് നവീകരിച്ച് സ്റ്റൈലിഷാക്കി. നവീകരണത്തിന് പുറമേ ഫിൽട്ടറിംഗ് യൂണിറ്റും ബേബി പൂളും ചുറ്റും നടപ്പാതയും കുളത്തിനോട് ചേർന്ന് ജിംനേഷ്യവും ക്രമീകരിച്ചിട്ടുണ്ട്. തറട്ട വാർഡിലുള്ള പ്രകൃതിദത്ത കുളത്തിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ദിവസവും നൂറുകണക്കിന് പേർ മുൻപ് പരിശീലനത്തിന് എത്തിയിരുന്നു.
പരിശീലനം നൽകിയിരുന്നു
പഞ്ചായത്തിന്റെ കായിക പരിശീലന പദ്ധതിയായ 'ഓപ്പറേഷൻ ഒളിമ്പ്യ"യിൽ ഉൾപ്പെടുത്തി സ്കൂൾ കുട്ടികൾക്ക് പരിശീലനവും നൽകിയിരുന്നു. നിരവധി ജില്ലാ-സംസ്ഥാന താരങ്ങൾ ഈ കുളത്തിന്റെ സംഭാവനയാണ്. സ്കൂൾസ് നാഷണലിൽ പി.ജെ.ജയദീപ്, ജില്ലാ-സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ വി.എസ്.അശോക്, വി.എസ്.അശ്വിൻ എന്നിവരും സ്കൂൾതല സംസ്ഥാന മത്സരങ്ങളിൽ എസ്.ആർ.അനുവുമുൾപ്പെടെ പ്രശസ്തരായ നിരവധി താരങ്ങൾ ഇവിടെ പരിശീലനം നടത്തിയവരാണ്. കേന്ദ്ര-സംസ്ഥാന സർവീസുകളിൽ പ്രവേശിച്ചവരും നിരവധിയുണ്ട്.
നവീകരണച്ചെലവ്...........1 കോടി രൂപ
വെള്ളം മലിനമായി പായലും ചെളിയും നിറഞ്ഞതോടെ പരിശീലനം അവസാനിപ്പിച്ച് കുളം അടച്ചിടുകയായിരുന്നു. നീന്തൽ താരങ്ങളുടെയും നാട്ടുകാരുടെയും ആവശ്യം പരിഗണിച്ച് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ബഡ്ജറ്റ് ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് നീന്തൽക്കുളം നവീകരിച്ചത്. ഒരു വർഷത്തിനുള്ളിൽ സമയബന്ധിതമായി നിർമ്മാണം പൂർത്തീകരിച്ചതും നേട്ടമായി. കായിക-യുവജന വകുപ്പിന്റെ നേതൃത്വത്തിൽ സ്പോർട്സ് കൗൺസിലും കരകുളം ഗ്രാമപഞ്ചായത്ത് ഭരണസമിതിയും നിർമ്മാണ പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്കുവഹിച്ചു. നീന്തൽക്കുളം സജ്ജമായതോടെ 'ഓപ്പറേഷൻ ഒളിമ്പ്യ" പദ്ധതി പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗ്രാമപഞ്ചായത്ത്.
നീന്തൽക്കുളം നാടിന് സമർപ്പിച്ചു
ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ജീവിതത്തെ സ്വാധീനിക്കുന്നതാണ് നീന്തൽ പരിശീലനമെന്നും കരകുളം നീന്തൽക്കുളത്തിലെ സൗകര്യങ്ങൾ പരിശീലനാർത്ഥികൾ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. കരകുളം നീന്തൽക്കുളം നാടിനു സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരകുളം പഞ്ചായത്ത് പ്രസിഡന്റ് യു.ലേഖാറാണി അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ടി.സുനിൽകുമാർ സ്വാഗതം പറഞ്ഞു.സ്പോർട്സ് കൗൺസിൽ ചീഫ് എൻജിനിയർ അനിൽകുമാർ.പി.കെ റിപ്പോർട്ട് അവതരിപ്പിച്ചു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി,ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി,ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.വൈശാഖ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.രാജീവ്,ചെയർപേഴ്‌സൺമാരായ ജി.പി. വീണാ രാജീവ്,ഉഷാകുമാരി,ബ്ലോക്ക് മെമ്പർമാരായ വി.ശ്രീകണ്ഠൻ,ടി.ഗീത,പഞ്ചായത്ത് സെക്രട്ടറി ബി.സജികുമാർ,വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.