അനധികൃത താമസം: 27 ബംഗ്ളാദേശ് സ്വദേശികൾക്കെതിരെ ശിക്ഷാവിധി ഇന്ന്
പറവൂർ: ആധാർ കാർഡ് ഉൾപ്പെടെയുള്ള വ്യാജരേഖകളുമായി പറവൂർ മന്നത്തുനിന്ന് പൊലീസ് അറസ്റ്റ് ചെയ്ത 27 ബംഗ്ലാദേശികളെ പറവൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. വിചാരണ തടവുകാരായി ജയിലിൽ കഴിഞ്ഞിരുന്ന ഇവരുടെപേരിലുള്ള കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. മതിയായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് കടന്ന ബംഗ്ലാദേശികളാണെന്ന് എല്ലാ പ്രതികളും സമ്മതിച്ചു.
ഇവർക്കെതിരെയുള്ള ശിക്ഷാവിധി ഇന്ന് ഉണ്ടാകും. കുറ്റത്തിന് രണ്ട് മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. ശിക്ഷാകാലാവധിക്ക് ശേഷം ഇവരെ സ്വന്തം രാജ്യത്തേക്ക് അയയ്ക്കും. മന്നം കുഴിയിലകത്ത് ഹർഷാദ് ഹുസൈൻ വാടകയ്‌ക്കെടുത്ത വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഹർഷാദിനെതിരെയുള്ള കേസും ഇന്നലെ കോടതി പരിഗണിച്ചു. എന്നാൽ ഹർഷാദ് കുറ്റം നിഷേധിച്ചതിനാൽ വാദം തുടരും. പറവൂർ പൊലീസ് ഇൻസ്പെക്ടർ ഷോജോ വർഗീസ് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി 2025 ജനുവരി 31-ന് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. 'ബംഗ്ലാദേശുകാരെ ഇന്ത്യക്കാരാക്കും; അതിർത്തിയിൽ റാക്കറ്റുകൾ സജീവം" എന്ന കേരളകൗമുദി റിപ്പോർട്ടിന് പിന്നാലെയാണ് സംസ്ഥാനത്ത് വിവിധ ജില്ലകളിൽ റെയ്ഡ് നടന്നത്. ജനുവരിയിൽ എറണാകുളത്ത് മാത്രം 34 ബംഗ്ലാദേശികളാണ് പിടിയിലായത്. ഇത്തരത്തിൽ ആയിരത്തിലധികം പേർ കേരളത്തിലുണ്ടെന്നായിരുന്നു രഹസ്യവിവരം.