ഒറ്റ ഹസ്തദാനത്തിൽ തീർന്നു നായ കടിച്ചുള്ള മുറിവ്

Thursday 06 November 2025 9:42 PM IST

വെള്ളരിക്കുണ്ട് (കാസർകോട്)​: പഞ്ചായത്ത് പ്രസിഡന്റ്. സെക്രട്ടറി.മറ്റു ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ കുഞ്ഞിരാമനും ബേബി ചേട്ടനും എല്ലാം മറന്നു പരസ്പരം കൈകൊടുത്തു.അതോടെ തീർന്നത് ഒരു നായ കടിച്ചുപറിച്ചതിന്റെ വേദനയും നാളുകളായുള്ള അകൽച്ചയുമായിരുന്നു.

കാസർകോട് ബളാൽ പഞ്ചായത്തിലെ പാത്തിക്കര അക്കരെ ഉന്നതിയിലെ എളേരി കുഞ്ഞിരാമന്റെ മരം വില്പനയ്ക്കെടുത്തതായിരുന്നു പുന്നക്കുന്ന് തട്ടിലെ എഴുപതുകാരനായ ബേബി ചേട്ടൻ എന്ന ജേക്കബ്ബ് മുതലക്കാവ്. കഴിഞ്ഞ സെപ്തംബർ 20ന് മരം മുറിക്കാനായി പറമ്പിലെത്തിയ ബേബിച്ചേട്ടനെ കുഞ്ഞിരാമന്റെ വളർത്തുനായ കടിച്ചു. ഇടതുകാലിൽ സാമാന്യം നല്ല മുറിവുണ്ടായി. ഇക്കാര്യം പറഞ്ഞപ്പോൾ കുഞ്ഞിരാമന്റെ പ്രതികരണം അത്രയ്ക്ക് നല്ല രീതിയിലായിരുന്നില്ല. ഇതെ തുടർന്ന് ബേബിച്ചേട്ടൻ വെള്ളരിക്കുണ്ട് പൊലീസിൽ പരാതിയും നൽകി. പിന്നാലെ പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡന്റ് രാജു കട്ടക്കയത്തിനും പരാതി നൽകി. നായ കടിയേറ്റത് ജോലിയെ ബാധിക്കുന്നതും ദിവസവും ആശുപത്രിയിൽ പോകേണ്ടിവരുന്നതും ചൂണ്ടിക്കാണിച്ചായിരുന്നു പരാതി. കാലിന്റെ വേദന കുറയാത്തതിന്റെ സങ്കടം വേറെ.

നിയമാനുസൃതമല്ലാത്ത രീതിയിൽ നായയെ വളർത്തിയതിന് കുഞ്ഞിരാമനിൽ നിന്ന് നഷ്ട പരിഹാരം വാങ്ങി നൽകണമെന്നയിരുന്നു പരാതിയിൽ. ഇതു പ്രകാരം പഞ്ചായത്ത് സെക്രട്ടറി എം.മധു ഇരുവരെയും വിളിപ്പിച്ചു. സംസാരത്തിനൊടുവിൽ രണ്ടായിരം രൂപ 2000 നഷ്ടപരിഹാരമായി നൽകാമെന്ന് കുഞ്ഞിരാമൻ സമ്മതിച്ചു. പരാതി തീർപ്പാക്കുന്നതിനായി ഇരുവരെയും പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയത്തിന് മുമ്പാകെ വിളിച്ചിരുത്തി.രണ്ടു മാസങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോൾ കാലിലെ വേദനയ്ക്കിടയിലും കുഞ്ഞിരാമന്റെ വിഷമം ബേബി ചേട്ടന്റെ മനസ് അലിയിച്ചു. തുടർന്ന് പ്രസിഡന്റ് ഇരുവരോടും കൈകൊടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇരുവരും കൈകൊടുത്ത് പഴയ സൗഹൃദം വീണ്ടെടുക്കുന്നതിന് സാക്ഷിയായി ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഷോബി ജോസഫ്, ശ്വേത എന്നിവരുമുണ്ടായിരുന്നു.