ഐ.സി.യു കിടക്കകളില്ലാതെ മെഡി.കോളേജ് ആശുപത്രി

Friday 07 November 2025 1:06 AM IST

അമ്പലപ്പുഴ : ആവശ്യത്തിന് ഐ.സി.യു കിടക്കകളില്ലാത്തതിനെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളുടെ ജീവൻ അപകടത്തിലാകുന്നു. ഐ.സി.യു സൗകര്യം ലഭിക്കാതെ ദിനംപ്രതി പത്തോളം രോഗികളെയെങ്കിലും വിവിധ സ്വകാര്യ ആശുപത്രികളിലേക്കും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോകേണ്ടി വരുന്നുണ്ട്.

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലുമായി ആകെ 165 ഐ.സി.യു കിടക്കകളാണ് ഉള്ളത്. ഇതിൽ 30 എണ്ണം തകരാറിലാണ്. ജി.ഐ.സി.യു - 5, സി.ടി.വി.എസ്-10, ട്രോമാ ഐ.സി.യു-9, കാത്ത് ഐ.സി.യു-9, സ്ട്രോക്ക് ഐ.സി.യു- 6, ട്രാൻസ്പ്ളാന്റ്ഐ.സി.യു- 2, ന്യൂറോ സർജറി ഐ.സി.യു - 8, യൂറോ ഐ.സി.യു-8, എം.ഐ.സി.യു- 11, എസ്.ഐ.സി.യു- 16, എസ്.ഡി ഐ..സി.യു-9, ഐ.സി.സി.യു- 14,പി.ഐ.സി.യു - 12, ഒ.ബി.എൻ-12, ഐ.ബി.എൻ-8, എസ്.എൻ.ഡി.യു - 9, എൽ. ആർ.ഐ.സി.യു -8 എന്നിങ്ങനെയാണ് കിടക്കകളുടെ എണ്ണം. കൊല്ല ംജില്ലയുടെ വടക്കേയറ്റം മുതൽ എറണാകുളം ജില്ലയുടെ തെക്കേയറ്റം വരെയുള്ള ഭാഗങ്ങളിൽ നിന്ന് അത്യാസന്ന നിലയിലുള്ള രോഗികളെ ആദ്യം എത്തിക്കുന്നത് ആലപ്പുട മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ്. ദേശീയപാതയ്ക്കരികിലുള്ളതിനാൽ

അപകടത്തിൽപ്പെടുന്നവരെ ആദ്യം എത്തിക്കുന്നതും ഇവിടേക്കാണ്. ഇവിടെ ഐ.സി.യു കിടക്കകൾ ഒഴിവില്ലാത്തതിനാൽ മറ്റ് ആ,ശുപത്രികളിലേക്ക് മാറ്റുമ്പോഴുണ്ടാകുന്ന സമയനഷ്ടം രോഗികളുടെ ജീവൻ തന്നെ അപകടത്തിലാക്കും.

രോഗികളുടെ ജീവൻ അപകടത്തിൽ

1. ഐ.സി.യു കിടക്കകൾ ലഭിക്കാത്തതിനാൽ ഇവിടെ എത്തിക്കുന്ന രോഗികളെ പിന്നീട് സ്വകാര്യ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നത് പതിവ് കാഴ്ചയാണ്

2. സ്വകാര്യ ആശുപത്രിയിൽ പോയി പണം തീർന്ന് തിരികെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തുന്നവരും ഉണ്ട്

3. എപ്പോൾ ആശുപത്രിയിലേക്ക് വിളിച്ചാലും ഐ.സി.യുവിൽ കിടക്കകളില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്നാണ് രോഗികളും ബന്ധുക്കളും പറയുന്നത്

4. അറ്റകുറ്റപ്പണി നടത്തി കൂടുതൽ ഐ.സി.യു കിടക്കകൾ പ്രവർത്തനക്ഷമമാക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് ആരോപണം ഉയരുന്നുണ്ട്

ആകെ ഐ.സി.യു കിടക്കകൾ

165

തകരാറിലുള്ളവ

30

നിരവധി രോഗികളാണ് ഐ.സി.യു കിടക്കകൾ ലഭിക്കാത്തതിനാൽ മറ്റ് ആശുപത്രികളിൽ ചികിത്സ തേടുന്നത്. അത്യാഹിത വിഭാഗത്തിൽ രോഗികൾക്ക് ശ്വാസം നൽകുന്ന സി.പി.എ .പി മെഷീനുകൾ വർഡുകളിൽ 10 എണ്ണം വീതം വെച്ചാൽ ഒരു പരിധി വരെ ഗുരുതരാവസ്ഥയിലുള്ള രോഗികളെ രക്ഷിക്കാനാകും

- യു.എം.കബീർ ,അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അംഗം