ക്വാറിയുടമ നൽകിയ ഫ്രിഡ്ജ് കസ്റ്റഡിയിലെടുത്തു ; പൊലീസുദ്യോഗസ്ഥനെതിരെ തുടർനടപടിക്ക് വിജിലൻസ്

Thursday 06 November 2025 10:10 PM IST

കണ്ണൂർ: പൊലീസ് ഉദ്യോഗസ്ഥന്റെ വാടകവീട്ടിൽ നിന്ന് ചെങ്കൽ ക്വാറി ഉടമ പാരിതോഷികമായി നൽകിയ ഫ്രിഡ്ജ് വിജിലൻസ് സംഘം കസ്റ്റഡിയെലെടുത്തു. കണ്ണവത്താണ് പൊലീസ് ഉദ്യോഗസ്ഥന്റെ വാടകവീട്ടിൽ രണ്ടുദിവസങ്ങളിലായി കണ്ണൂർ വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയ്ക്കൊടുവിലാണ് നടപടി. കണ്ണവം സ്റ്റേഷനിൽ പുതുതായി ചുമതലയേറ്റ മലപ്പുറം സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥന് എതിരെ ലഭിച്ച പരാതിപ്രകാരമാണ് വിജിലൻസ് പരിശോധനക്കെത്തിയത്. ആവശ്യപ്പെട്ടിട്ടും ഫ്രിഡ്ജിന്റെ ബില്ല് ഹാജരാക്കാൻ പൊലീസ് ഉദ്യോഗസ്ഥന് സാധിച്ചിരുന്നില്ല. ഇതിനിടെ ഫ്രിഡ്ജിന്റെ യഥാർത്ഥ ബില്ല് വിജിലൻസ് സംഘം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. വിജിലൻസ് പരിശോധനാ വിവരം അറിഞ്ഞതിന് പിന്നാലെ ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥൻ ഫ്രിഡ്ജിന്റെ പണം ക്വാറി ഉടമയ്ക്ക് അയച്ചു കൊടുത്തതതായും വിജിലൻസ് കണ്ടെത്തി.അനധികൃതമായി പാരിതോഷികം കൈപ്പറ്റി എന്നതിന്റെ അടിസ്ഥാനത്തിൽ ഈ ഉദ്യോഗസ്ഥനെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്ന് വിജിലൻസ് ഡിവൈ.എസ്.പി അറിയിച്ചു. എസ്.ഐ നിഗേഷ്, എ.എസ്.ഐ ജയശ്രീ, സി പി.ഒമാരായ ഹൈറേഷ്,ഷിജിത്ത് എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു.