സ്ഥാനാർത്ഥികൾ റെഡി, യുവനിരയ്ക്ക് മുൻഗണന

Friday 07 November 2025 2:13 AM IST

ആലപ്പുഴ: തദ്ദേശ സ്ഥാപന തിരഞ്ഞെടെപ്പിലേക്ക് കടക്കാൻ ദിവസങ്ങൾമാത്രമിരിക്കെ സ്ഥാനാർത്ഥി നിർണയത്തിന്റെ അന്തിമഘട്ടത്തിലാണ് മുന്നണികൾ. എൽ.ഡി.എഫ് ചർച്ചകളെല്ലാം പൂർത്തിയാക്കി. ബി.ജെ.പി അന്തിമഘട്ടത്തിലേക്ക് കടന്നു. കോൺഗ്രസിൽ ചർച്ചകൾ പുരോഗമിക്കുന്നു. പ്രാദേശിക ബന്ധങ്ങളും സ്വീകാര്യതയും മുൻനിറുത്തിയാണ് സ്ഥാനാർത്ഥി നിർണയം.

തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാലുടൻ എൽ.ഡി.എഫും ബി.ജെ.പിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. പട്ടികജാതി സംവരണം, സ്ത്രീസംവരണം, അദ്ധ്യക്ഷ സ്ഥാനം എന്നിവയെല്ലാം ബി.ജെ.പി നിർണയിച്ചുകഴിഞ്ഞു. എൽ.ഡി.എഫ് അദ്ധ്യക്ഷസ്ഥാനത്തേക്കുള്ള സ്ഥാനാർത്ഥികളെ മുൻകൂട്ടി പ്രഖ്യാപിക്കില്ല.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുവാക്കളെ നിരത്തി വിജയം കൊയ്ത എൽ.ഡി.എഫ് ഇത്തവണയും യുവാക്കളെയും പുതുമുഖങ്ങളെയും കളത്തിലിറക്കും. ഒരു തദ്ദേശ സ്ഥാപനത്തിൽ ഒരുയുവാവും ഒരു യുവതിയും നിർബന്ധമായും സ്ഥാനാർത്ഥി പട്ടികയിലുണ്ടാവും. ഇവർക്കൊപ്പംത്തന്നെ മുതിർന്ന നേതാക്കളും സ്ഥാനാർത്ഥിലിസ്റ്റിൽ ഇടംപിടിക്കും. ബി.ജെ.പിയും യുവാക്കളെ കൂടുതലായി മത്സരരംഗത്തിറക്കും. നിർദ്ദിഷ്ട സംവരണം പാലിക്കുവാൻ വനിതാ സ്ഥാനാർത്ഥികളെ കണ്ടുപിടിക്കുന്നത് മൂന്ന് മുന്നണികൾക്കും തലവേദനയാണ്.

ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങൾ

ജില്ലാ പ‌ഞ്ചായത്ത്-1

നഗരസഭ-6

ബ്ലോക്ക് പഞ്ചായത്ത്-12

ഗ്രാമപഞ്ചായത്ത്-72

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനാർത്ഥി നിർണയം പൂർത്തിയായി. വി‌‌ജ്ഞാപനം വന്നാൽ ഉടൻ പ്രഖ്യാപനം നടത്തും

ആർ. നാസർ

- സി.പി.എം ജില്ലാ സെക്രട്ടറി

യു.ഡി.എഫിൽ ചർച്ചകൾ നടന്നുവരികയാണ്. ഘടകകക്ഷികളുമായുള്ള ചർച്ചകൾക്ക് ശേഷം ഉടൻ സ്ഥാനാർത്ഥി പ്രഖ്യാപമുണ്ടാകും

-അഡ്വ. ബി. ബാബു പ്രസാദ്

ഡി.സി.സി പ്രസിഡന്റ്

സ്ഥാനാർത്ഥി നിർണയമെല്ലാം പൂർത്തിയായി. സംവരണ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയും തീരുമാനിച്ചു

- അഡ്വ. പി.കെ. ബിനോയ്

ബി.ജെ.പി നോർത്ത് ജില്ലാ പ്രസിഡന്റ്

യുവാക്കളടക്കമുള്ളവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കും.വിജ്ഞാപനം വന്നാലുടൻ പ്രഖ്യാപനമുണ്ടാകും

-സന്ദീപ് വാചസ്പതി

ബി.ജെ.പി സൗത്ത് ജില്ലാ സെക്രട്ടറി