കാൻസർ രോഗികൾക്ക് സൗജന്യയാത്ര: നടപടികൾക്ക് തുടക്കം
ആലപ്പുഴ: കാൻസർ രോഗികൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന ഹാപ്പി ലോംഗ് ലൈഫ് പദ്ധതിയുടെ നടപടിക്രമങ്ങൾക്ക് തുടക്കമായി. രോഗികൾക്ക് സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കീമോതെറാപ്പി, റേഡിയേഷൻ ചികിത്സാ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നതിന് കെഎസ്.ആർ.ടി.സിയുടെ ഓർഡിനറി മുതൽ സൂപ്പർഫാസ്റ്റ് വരെയുള്ള ബസുകളിലാണ് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. കാർഡിൽ രോഗിയാണെന്ന വിവരം രേഖപ്പെടുത്തില്ല. വീട് മുതൽ ഡോക്ടർ നിർദ്ദേശിക്കുന്ന ആരോഗ്യ സ്ഥാപനം വരെയാണ് പണം നൽകാതെ യാത്ര ചെയ്യാൻ സാധിക്കുക. കാർഡ് ദുരപയോഗം ചെയ്താൽ റദ്ദാക്കും.www.keralartci.com എന്ന ഔദ്യോഗിക പോർട്ടലിലൂടെ മാത്രമാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
ചീഫ് ഓഫീസിൽ നിന്ന് ലഭ്യമാക്കുന്ന കാർഡ് കെ.എസ്.ആർ.ടി.സി യൂണിറ്റ് ഓഫീസർ വഴി അപേക്ഷകന്റെ വീട്ടിലെത്തിക്കും. കാർഡ് അപേക്ഷകന് നൽകിയെന്ന് കൈപ്പറ്റ് രസീത് വാങ്ങി യൂണിറ്റാധികാരി ചീഫ് ഓഫീസിൽ ഹാജരാക്കണം.
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ (ജെ.പി.ജി, പി.എൻ.ജി, പി.ഡി.എഫ് ഫോർമാറ്റിൽ) പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ ആധാർ കാർഡിന്റെ കോപ്പി നിലവിലെ മേൽവിലാസം തെളിയിക്കുന്ന രേഖ (ആധാർ കാർഡിലെ മേൽ വിലാസവുമായി വ്യതാസമുള്ള പക്ഷം) ഓങ്കോളജിസ്റ്റ് നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് (വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃകയിൽ)
ചലോ ആപ്പിൽ വിവരങ്ങൾ കൃത്യമല്ല
ചലോ കാർഡിന് യാത്രക്കാർക്കിടയിൽ മികച്ച സ്വീകാര്യത ലഭിച്ചെങ്കിലും ചലോ ആപ്പിന് വിവരങ്ങൾ കൃത്യമായി നൽകാൻ സാധിക്കുന്നില്ല. ഇതോടെ കാർഡ് റീച്ചാർജ്ജ് ചെയ്യാനുള്ള സംവിധാനം മാത്രമായി ചലോ ആപ്പിന്റെ പ്രവർത്തനം ഒതുങ്ങി. ഓരോ ബസിന്റെയും തത്സമയ വിവരങ്ങൾ ലഭ്യമാകുന്ന തരത്തിലാണ് ആപ്പ് ഡിസൈൻ ചെയ്തത്. പക്ഷേ ബസ്സുകളിലെ ജി.പി.എസ് ഓഫാക്കി വയ്ക്കുന്നതിനാൽ ആപ്പിൽ വിവരം ലഭ്യമാകില്ല. കണ്ടക്ടറുടെ ടിക്കറ്റ് മെഷീൻ വഴിയാണ് ജി.പി.എസ് പ്രവർത്തനം. ബസുകൾ എവിടെ എത്തി, എത്രമണിക്ക് നിർദ്ദിഷ്ട സ്റ്റോപ്പിലെത്തും, ഒഴിവുള്ള സീറ്റുകൾ തുടങ്ങിയ വിവരം കൃത്യമായി ലഭ്യമാകുമെന്നായിരുന്നു പ്രതീക്ഷ. .യാത്രക്കാരുടെ കൈയിൽ നിന്ന് നഷ്ടപ്പെടുന്ന കാർഡ് ദുരുപയോഗം ചെയ്യുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കാർഡ് ലഭിക്കുന്നവർക്ക് അതിൽ ബാലൻസ് തുകയുണ്ടെങ്കിൽ ഉപയോഗിക്കാനാകും. കാർഡിലെ റീചാർജ്ജ് തുക കുറയുന്ന വിവരം ചലോ ആപ്പിൽ കാണുമ്പോഴാണ് പലരും ദുരുപയോഗം തിരിച്ചറിയുന്നത്.