പച്ചത്തുരുത്ത് അവാർഡ് കൊരട്ടിക്ക്
Friday 07 November 2025 12:20 AM IST
കൊരട്ടി: കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനും പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങൾക്കുമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനമാകെ നടപ്പിലാക്കിയ പച്ചതുരുത്ത് പദ്ധതിക്ക് ജില്ല തലത്തിൽ കൊരട്ടി പഞ്ചായത്തിന് ഒന്നാം സ്ഥാനം. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗാന്ധിഗ്രാം ത്വാക്ക് രോഗാശുപത്രി വളപ്പിൽ 2021 - 22 മുതൽ നടപ്പിലാക്കിയ പച്ചത്തുരുത്ത് നിർമ്മാണത്തിനാണ് മറ്റു വിഭാഗ സ്ഥാപനങ്ങൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി കൊരട്ടിക്ക് ഒന്നാം സ്ഥാനം നൽകിയത്. സംസ്ഥാനതല മത്സരത്തിൽ കൊരട്ടി പഞ്ചായത്ത് രണ്ടാം സ്ഥാനവും നേടിയിരുന്നു. മന്ത്രി കെ.രാജനിൽ നിന്ന് പ്രസിഡന്റ് പി.സി.ബിജു, വൈസ് പ്രസിഡന്റ് ഷൈനി ഷാജി, സ്ഥിരംസമിതി ചെയർമാൻമാരായ അഡ്വ. കെ.ആർ.സുമേഷ്, നൈനു റിച്ചു, സെക്രട്ടറി കെ.എ.ശ്രീലത എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.