കോർപറേഷനിലേക്ക് നോട്ടം... കോൺഗ്രസിന്റെ ആദ്യ പട്ടിക ഇന്ന് വരുമോ..?
- ആദ്യഘട്ടത്തിൽ 40 പേരെന്ന് സൂചന
തൃശൂർ: കോർപറേഷൻ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യ പട്ടിക ഇന്ന് പ്രസിദ്ധീകരിച്ചേക്കും. ഇന്നലെ വൈകിട്ട് പ്രഖ്യാപനം നടത്താനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ചില സീറ്റുകളിൽ ധാരണയായില്ല. ആദ്യഘട്ടത്തിൽ 40 ഡിവിഷനുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. ഘടക കക്ഷികളുടെ തീരുമാനം കൂടി കഴിഞ്ഞശേഷം ബാക്കി സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. കഴിഞ്ഞ തവണ ഉണ്ടായ വിമതപ്രശ്‌നം മൂലം ഒരു സീറ്റിന്റെ വ്യത്യാസത്തിൽ ഭരണം നഷ്ടപ്പെട്ടത് ഇത്തവണ ആവർത്തിക്കാതിരിക്കാനുള്ള മുൻക്കരുതലോടെയാണ് സ്ഥാനാർത്ഥി നിർണയം നടക്കുന്നത്. അതേസമയം, എൽ.ഡി.എഫിലും എൻ.ഡി.എയിലും ചർച്ചകൾ സജീവമാണ്. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് നേതൃത്വം പറയുന്നു. ഇത്തവണ 56 ഡിവിഷനുകളാണ് ഉള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതനായി മത്സരിച്ച എം.കെ.വർഗീസിനെ കൂട്ടുപിടിച്ചാണ് എൽ.ഡി.എഫ് അഞ്ചു വർഷം പൂർത്തിയാക്കിയത്.
പ്രമുഖർ രംഗത്തുണ്ടാകും
പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ അടക്കം ഇത്തവണ മത്സര രംഗത്ത് ഉണ്ടാകില്ലെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നതെങ്കിലും പ്രമുഖരെല്ലാം മത്സരിക്കണമെന്ന കെ.പി.സി.സി നിർദ്ദേശം വന്നതായി അറിയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാജൻ പല്ലൻ, ജോൺ ഡാനിയൽ, എ.പ്രസാദ്, പ്രമുഖ വനിതാ നേതാക്കളും രംഗത്ത് ഇറങ്ങിയേക്കും.
മേയർ സ്ഥാനം നോട്ടമിട്ട്...
മേയർ സ്ഥാനത്തേക്ക് നോട്ടമിട്ട് കോൺഗ്രസിനുള്ളിൽ നിന്ന് ഒന്നിലധികം പേർ രംഗത്തുണ്ട്. പരിചയ സമ്പത്തുള്ള ലാലി ജെയിംസ്, മുൻ ഡെപ്യൂട്ടി മേയർ സുബി ബാബു, ഡോ. നിജി ജസ്റ്റിൻ എന്നിവർ മത്സരരംഗത്ത് ഉണ്ടാകും. ഭരണം ലഭിച്ചാൽ ഗ്രൂപ്പ് സമവാക്യം കൂടി പരിഗണിച്ചാകും മേയറെ തീരുമാനിക്കുക. മറ്റ് കോർപറേഷനുകളിലെ പോലെ മേയർ സ്ഥാനാർത്ഥിയെ മുൻകൂട്ടി തീരുമാനിക്കില്ലെന്നാണ് വിവരം.
സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എ.എ.പി
ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 10 ഡിവിഷനുകളിലേക്കാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. എ.ആർ.ആനന്ദ് (രാമവർമ്മപുരം), ജോഷി (മുക്കാട്ടുകര), ടോജോ തിമോത്തി (ചേലക്കോട്ടുകര), ഇ.ആർ.തോമസ് (കുരിയച്ചിറ), ഡോ. ഷാജു കാവുങ്ങൽ (പടവരാട്), ജോയി കെ.ആന്റണി (ചിയ്യാരം), പീറ്റർ (കാര്യാട്ടുകര), ബിൻസി (ലാലൂർ), ആന്റണി തട്ടിൽ (ഒളരിക്കര), ജെൽസൺ (എൽത്തുരുത്ത്) എന്നിവരാണ് കോർപറേഷനിലേക്ക് മത്സരിക്കുന്നത്.