എം.ജി റോഡ് വികസനത്തിന് ശ്രമിച്ചു.... ചില ശക്തികൾ തടസം നിൽക്കുന്നു: മേയർ
തൃശൂർ: എം.ജി.റോഡ് വികസനം നടത്താൻ പലതവണ ശ്രമിച്ചെങ്കിലും കൂടെയുള്ളവർ പിന്തുണ നൽകിയില്ലെന്ന് കൗൺസിൽ യോഗത്തിൽ തുറന്നടിച്ച് മേയർ എം.കെ.വർഗീസ്. മുൻ മേയർ രാജൻ പല്ലന്റെ കാലത്ത് എം.ജി റോഡിൽ നടത്തിയ വികസനമല്ലാതെ ഒരു കല്ലുപോലും വയ്ക്കാൻ മേയർക്കായില്ലെന്ന് പ്രതിപക്ഷത്തെ ജയപ്രകാശ് പൂവത്തിങ്കലും പ്രതിപക്ഷാംഗങ്ങളും ചൂണ്ടിക്കാണിച്ചപ്പോഴാണ് മേയർ നിസാഹയാവസ്ഥ തുറന്നുപറഞ്ഞത്. പലതവണ എം.ജി റോഡ് വികസനം നടത്താൻ പരിശ്രമിച്ചതാണ്. ഏതോ ചില ശക്തികൾ ഇതിന് തടസം നിൽക്കുകയാണ്. എം.ജി റോഡ് വികസനത്തിന് ആരും പിന്തുണ നൽകിയില്ലെന്ന് വ്യക്തമാക്കിയപ്പോൾ ഭരണകക്ഷിയംഗങ്ങൾ മൗനം പാലിച്ചതും ശ്രദ്ധേയമായി.
വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് മേയർ
മലിനജല നിർമാർജ്ജന പ്ലാന്റിനായി പൂത്തോളിൽ കോർപറേഷൻ തണ്ണീർത്തട ഭൂമി വാങ്ങിയതിലെ അഴിമതി സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം. അന്വേഷണം നടത്താമെന്ന് മേയർ. ആവശ്യം അംഗീകരിക്കില്ലെന്ന ഉറപ്പുള്ളതിനാൽ സമരം നടത്താൻ തയ്യാറായി വന്ന പ്രതിപക്ഷത്തിന് കൊണ്ടുവന്ന പ്ലക്കാർഡുകൾ ഉപേക്ഷിക്കേണ്ടിയും വന്നു. 5000 രൂപ മാത്രം വിലയുള്ള സ്ഥലം 60,000 രൂപ വിലയ്ക്ക് വാങ്ങിയതിൽ അഴിമതിയുണ്ടെന്നും വിജിലൻസ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ മേയർക്ക് കത്ത് നൽകിയത്. ഒടുവിൽ വിജിലൻസ് അന്വേഷണം നടത്തിയാൽ തങ്ങൾക്ക് കുഴപ്പമില്ലെന്നും അന്നത്തെ കളക്ടറാണ് വില നിശ്ചയിച്ചതെന്നും ഭരണകക്ഷിയിലെ വർഗീസ് കണ്ടംകുളത്തിയും ഐ.സതീഷ്‌കുമാറും പറഞ്ഞു. മേയർ ബി.ജെ.പിയിലേക്ക് പോകുന്നതിനാലാണ് ഭരണകക്ഷിക്ക് എട്ടിന്റെ പണി നൽകിയതെന്ന് കൗൺസിലർ ജോൺ ഡാനിയേൽ പറഞ്ഞു.
സുരേഷ് ഗോപി ഒന്നും തന്നില്ല
കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി ഒന്നും തന്നിട്ടില്ലെന്നും ഒരു കോടി രൂപ തന്നത് രാജ്യസഭ എം.പിയായി ഇരിക്കുമ്പോൾ മാത്രമാണെന്നും മേയർ പറഞ്ഞു.