പത്തുനാഴിക പഞ്ചാരി അരങ്ങേറും

Friday 07 November 2025 12:33 AM IST

തൃശൂർ: തൃശൂർ വാദ്യഗുരുകുലത്തിന്റെ 16ാം വാർഷികത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് അഞ്ചിന് ശങ്കരംകുളങ്ങര ശ്രീഭഗവതി ക്ഷേത്രത്തിൽ പത്തുനാഴിക പഞ്ചാരി അരങ്ങേറുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പതികാലത്തിൽ തുടങ്ങി രണ്ടുമണിക്കൂറെടുത്ത് ദ്രുതകാലത്തിലെത്തി തീരുകലശം കൊട്ടിക്കയറുന്നതാണ് പത്തുനാഴിക പഞ്ചാരി. ശങ്കരാഭരണമാണ് രാഗം. നാലു മണിക്കൂറാണ് ദൈർഘ്യം. 120 വാദ്യ കലാകാരന്മാർ അണിനിരക്കും. ജിതിൻ കല്ലാറ്റുവാണ് പത്തുനാഴിക പഞ്ചാരിയുടെ പ്രമാണി. വലംതലയിൽ കല്ലേറ്റുംകര ഹരിശങ്കർ, കുഴലിൽ ലിമേഷ് മുരളി, കൊമ്പിൽ പെരുവനം വിനു, ഇലത്താളത്തിൽ കീനൂർ ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രമാണിമാരാകും. ജിതിൻ കല്ലാട്ട്, ലിമേഷ് മുരളി, ജയശങ്കർ രാജഗോപാൽ, അർച്ച അനൂപ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.