പുലിമുട്ട് നീളം കൂട്ടാൻ നടപടിയായി ആശ്വാസ തീരത്ത് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ
വിഴിഞ്ഞം: മത്സ്യബന്ധന തുറമുഖത്തെ പുലിമുട്ട് നീളം കൂട്ടുന്ന പദ്ധതി അടുത്ത മാസം അവസാനം ആരംഭിക്കും.പ്രീ ക്വാളിഫിക്കേഷൻ ടെൻഡർ ക്ഷണിച്ചു.ഈ മാസം 10നാണ് ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി. മത്സ്യബന്ധന തുറമുഖത്തേക്കുള്ള ശക്തമായ തിരയടി തടയുന്നതിനുവേണ്ടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ പരാതികളെ തുടർന്ന് ഇവിടം സന്ദർശിച്ച വിദഗദ്ധ സംഘം പഠനം നടത്തി തയ്യാറാക്കിയ പദ്ധതിയാണ് നടപ്പാക്കാൻ ടെൻഡർ ക്ഷണിച്ചത്. പുലിമുട്ട് നിർമ്മാണ കരാറുകാരെ കണ്ടെത്തുന്നതിനുള്ള പ്രീ ക്വാളിഫിക്കേഷൻ ടെൻഡറാണ് ഇപ്പോൾ വിളിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട കാലാവധി അവസാനിച്ച ശേഷമാകും മറ്റ് നടപടികളെന്ന് ഹാർബർ എൻജിനിയർ വകുപ്പ് അധികൃതർ പറഞ്ഞു.
കാലവർഷത്തിലും കടൽക്ഷോഭമുണ്ടാകുന്ന അവസ്ഥയിലും വിഴിഞ്ഞത്തു നിന്ന്
മീൻപിടിത്ത തുറമുഖത്തേക്ക് വള്ളങ്ങൾ വന്നുപോകുന്ന മൗത്ത്(തുറമുഖ പ്രവേശനകവാടം) ഭാഗത്ത് തിരയടി ശക്തമാകാറുണ്ട്. ഇതിൽപ്പെടുന്ന വള്ളങ്ങൾ മറിഞ്ഞ് അപകടങ്ങളുണ്ടാകുന്നുവെന്ന പരാതികളെ തുടർന്നാണ് ഇവിടെ പുലിമുട്ട് നീളം കൂട്ടുന്ന പദ്ധതിക്ക് രൂപം കൊടുത്തത്.
വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനിയുടെ (വിസിൽ) നേതൃത്വത്തിൽ സെൻട്രൽ വാട്ടർ പവർ റിസർച്ച് സ്റ്റേഷന്റെ(സി.ഡബ്ല്യു.പി.ആർ.എസ്) നേതൃത്വത്തിൽ പഠനം നടത്തിയാണ് പുതിയ പദ്ധതി നിർദേശിച്ചത്. വിസിൽ ഫണ്ടായ 125 കോടി രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രധാന പുലിമുട്ടായ സീ വേർഡ് ബ്രേക്ക് വാട്ടർ (പുതിയ വാർഫ്) നീളം കൂട്ടുന്നതാണ് പദ്ധതി.പുതുക്കിയ പദ്ധതി രേഖയനുസരിച്ച് 45 ഡിഗ്രി ചരിവിൽ 250 മീറ്റർ ദൂരമാണ് നിലവിലെ പുലിമുട്ടിൽ നിന്ന് നീളം കൂട്ടി നിർമ്മിക്കുന്നത്.
ടെട്രാപോഡുകൾ നിക്ഷേപിക്കും
പുതിയ വാർഫിന് സംരക്ഷണം നൽകുന്ന പുലിമുട്ടുകൾ വൻ പാറകൾ നിരത്തി നീളം കൂട്ടിയശേഷം ടെട്രാപോഡുകൾ നിരത്തിയാണ് തിരയിൽ നിന്ന് സംരക്ഷണം നൽകുന്നത്. ഇതിനു മുകളിൽ കോൺക്രീറ്റ് ബ്ലോക്കുകൾ നിരത്തി സംരക്ഷണ ഭിത്തിയും ഇതിനു മുകളിൽ ഇരുമ്പ് വേലികളും സ്ഥാപിച്ചാണ് സുരക്ഷയൊരുക്കുന്നത്.
വള്ളങ്ങൾക്ക് സുരക്ഷ
ഹാർബർ മൗത്തിനുള്ളിലാണ് മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളും കോസ്റ്റ് ഗാർഡിന്റെ നിരീക്ഷണ കപ്പലുകളും കോസ്റ്റൽ പൊലീസിന്റെ സുരക്ഷാബോട്ടുകളും സൂക്ഷിക്കുന്നത്.പുലിമുട്ട് നീളം കൂട്ടുന്നതോടെ വൻ തിരകളിൽ നിന്നും ഇവയുടെ സുരക്ഷ വർദ്ധിക്കും.