കവിതയുടെ ഘാതകന് ജീവപര്യന്തം, പ്രണയപ്പകയ്ക്ക് തടവറ
പത്തനംതിട്ട : പ്രണയാഭ്യർത്ഥന നിരസിച്ചതിന് കോളേജ് വിദ്യാർത്ഥിനിയെ തീകൊളുത്തി കൊന്ന കേസിൽ കുമ്പനാട് കടപ്ര കരാലിൽ അജിൻ റെജി മാത്യു (24) വിന് ജീവപര്യന്തം കഠിനതടവും 5 ലക്ഷം രൂപ പിഴയും. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ജഡ്ജി ജി.പി.ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. പിഴത്തുക പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് നൽകണം. അല്ലാത്തപക്ഷം അജിന്റെ സ്വത്തിൽ നിന്ന് ഈടാക്കണം.
കോഴഞ്ചേരി അയിരൂർ പുത്തേഴം കണ്ണങ്കരയത്ത് ചരുവിൽ കിഴക്കേമുറിയിൽ കവിത (19) ആണ് കൊല്ലപ്പെട്ടത്.
2019 മാർച്ച് 12ന് രാവിലെ 9.10ന് തിരുവല്ല റെയിൽവേ സ്റ്റേഷൻ റോഡിൽ ചിലങ്ക ജംഗ്ഷന് സമീപമമായിരുന്നു കൃത്യം നടന്നത്. കോളേജിലേക്ക് നടന്നുപോയ കവിതയെ കത്തിക്ക് വയറിന് കുത്തി വീഴ്ത്തിയശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. തിരുവല്ല സി.ഐ ആയിരുന്ന പി.ആർ.സന്തോഷാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ഹരിശങ്കർ പ്രസാദ് ഹാജരായി. സംഭവം നടന്ന് ആറ് വർഷത്തിന് ശേഷമാണ് വിധി.