ബസിൽ ശല്യംചെയ്ത ആളിന്റെ കരണത്തടിച്ച് പെൺകുട്ടി; വീഡിയോ വൈറൽ
Thursday 06 November 2025 11:07 PM IST
കാട്ടാക്കട: കെ.എസ്.ആർ.ടി.സി ബസിൽ ലൈംഗിക അതിക്രമം നടത്തിയ ആളിന്റെ കരണത്തടിച്ച് പെൺകുട്ടി.കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്ന് വെള്ളറടയിലേക്ക് പോയ ബസിലായിരുന്നു സംഭവം.
ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തായത്. അടുത്തിരുന്നയാൾ ബാഗ് മറച്ചുവച്ച് പെൺകുട്ടിയുടെ ശരീരത്തിൽ പിടിച്ചു. പെൺകുട്ടി കൈ തട്ടിമാറ്റിയ ശേഷം ബഹളംവയ്ക്കുകയും അടിക്കുകയുമായിരുന്നു. തന്നെ ഉപദ്രവിച്ചയാളിനെ പൊലീസിൽ ഏല്പിക്കണമെന്ന് പെൺകുട്ടി പറയുന്നത് വീഡിയോയിലുണ്ട്. എന്നാൽ ഇതു സംബന്ധിച്ച് പെൺകുട്ടി പൊലീസിൽ പരാതി നൽകിയിട്ടില്ല. ഇതെല്ലാം നടക്കുമ്പോൾ ബസിലുണ്ടായിരുന്ന ആരും പ്രശ്നത്തിൽ ഇടപെട്ടിട്ടില്ല.
അതിക്രമം കാട്ടിയവൻ പേയാട് ബസിറങ്ങി പോയെന്നും പെൺകുട്ടി കാട്ടാക്കട ഡിപ്പോയിൽ ഇറങ്ങിയെന്നും ബസ് ജീവനക്കാർ പറഞ്ഞു.