'അത് ഞാനാണ്, ലാരിസ നേരി'

Friday 07 November 2025 3:28 AM IST

 മോഡലല്ല, ഹെയർ ഡ്രസർ

ന്യൂഡൽഹി: 'സ്വീറ്റിയും സീമയുമല്ല, അത് ഞാനാണ്, ലാരിസ നേരി". ഹരിയാനയിലെ വോട്ടുകൊള്ള ആരോപണത്തിൽ രാഹുൽഗാന്ധി പരാമർശിച്ച ബ്രസീലിയൻ യുവതി സോഷ്യൽ മീഡിയയിലൂടെ സ്വയമേ രംഗത്തെത്തി. പക്ഷേ, രാഹുൽ പരാമർശിച്ചതുപോലെ ബ്രസീലിയൻ മോ‌ഡലല്ല ലാരിസ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബ്രസീലിയൻ ഹെയർ ഡ്രസറുമാണ്. ബ്രസീലിലെ മിനാസ് ഗെരായിസ് സ്വദേശി. അവിടെ സലൂൺ നടത്തുന്നു.

ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് 28കാരിയായ ലാരിസ പ്രത്യക്ഷപ്പെട്ടത്. 'ദുരൂഹത നിറഞ്ഞ ബ്രസീലിയൻ മോ‌ഡൽ" എന്ന വിശേഷണത്തോടെ ഇന്ത്യയിൽ ഞാൻ പ്രശസ്‌തയായെന്ന് വീഡിയോയിൽ ലാരിസ പറയുന്നു.

''ഇന്ത്യയിൽ ഇതുവരെ പോയിട്ടില്ല. ഇന്ത്യക്കാരിയുടെ മുഖഛായയുമില്ല. ആകെ അറിയാവുന്ന ഇന്ത്യൻ വാക്ക് 'നമസ്തേ" ആണ്. എട്ടുവർഷം മുൻപ്, 20 വയസുള്ളപ്പോഴാണ് ഫോട്ടോയ്‌ക്ക് പോസ് ചെയ്‌തത്. ആ ചിത്രമാണ് ദുരുപയോഗിച്ചത്. തിരഞ്ഞെടുപ്പ് തട്ടിപ്പിനായി തന്നെ ഇന്ത്യക്കാരിയായി ചിത്രീകരിച്ചിരിക്കുന്നു. എന്തു ഭ്രാന്താണിത്. ഫോട്ടോ വൈറലായതോടെ മാദ്ധ്യമങ്ങൾ വിശദീകരണത്തിനായി തന്നെ സമീപിച്ചു. അഭിമുഖം വേണമെന്ന് പറയുന്നു""- ലാരിസ പറഞ്ഞു.

ഹരിയാന റായ് നിയമസഭാ മണ്ഡലത്തിലെ പത്തു ബൂത്തുകളിൽ പല പേരുകളിലായി 22 വോട്ടുകളുണ്ടെന്ന് കാട്ടി ബ്രസീലിയൻ യുവതിയുടെ ചിത്രം ചൊവ്വാഴ്ച വാർത്താസമ്മേളനത്തിലാണ് രാഹുൽ പുറത്തുവിട്ടത്. ഇതോടെ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായി. ആരെന്ന് തിരിച്ചറിഞ്ഞതോടെ മലയാളികളുടെ അടക്കം കമന്റുകൾ ലാരിസയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിറഞ്ഞു. 7,000ലധികം ഫോളോവേഴ്സുണ്ട്.

സഹായിക്കാൻ

എടുത്ത ഫോട്ടോ

ഒരു സുഹൃത്തിനെ സാമ്പത്തികമായി സഹായിക്കാൻ വേണ്ടിയാണ് വർഷങ്ങൾക്കുമുൻപ് ലാരിസ ഫോട്ടോയ്‌ക്ക് പോസ് ചെയ്‌തതെന്ന് ബ്രസീലിയൻ ന്യൂസ് ഏജൻസി അയോസ് ഫത്തോസ് റിപ്പോർട്ട് ചെയ്‌തു. ബ്രസീലിയൻ ഫോട്ടോഗ്രാഫർ മത്തേയുസ് ഫെരേരോ എടുത്ത ഫോട്ടോ ഒട്ടേറെ പ്രസിദ്ധീകരണങ്ങൾ പരസ്യങ്ങളിലും ലേഖനങ്ങൾക്കൊപ്പവും ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യക്കാരുടെ കമന്റുകൾ പ്രവഹിച്ചതോടെ മത്തേയുസ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തു.