ബിഹാർ ആദ്യഘട്ടം: 64.6 ശതമാനം പോളിംഗ്

Friday 07 November 2025 12:28 AM IST

ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ 18 ജില്ലകളിലെ 121 സീറ്റുകളിൽ നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 64.66% പോളിംഗ് രേഖപ്പെടുത്തി. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ മികച്ച പോളിംഗാണിത്. 2000ൽ രേഖപ്പെടുത്തിയ 62.57%ത്തിന്റെ റെക്കാഡ് ഇന്നലെ മറികടന്നു. 2020ൽ 57.29% ആയിരുന്നു പോളിംഗ്.

ലഖിസാരായി മണ്ഡലത്തിൽ രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) പ്രവർത്തകർ ഉപമുഖ്യമന്ത്രിയും ബി.ജെ.പി സ്ഥാനാർത്ഥിയുമായ വിജയ് കുമാർ സിൻഹയുടെ കാർ വളഞ്ഞ് ചെരിപ്പെറിഞ്ഞു. സംഭവ സ്ഥലത്ത് തടിച്ചുകൂടിയ ആർ.ജെ.ഡി,​ ബി.ജെ.പി പ്രവർത്തകർ തമ്മിൽ കൈയേറ്റവുമുണ്ടായി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശ പ്രകാരം പൊലീസ് കേസെടുത്തു. സരൺ ജില്ലയിലെ മാഞ്ചി നിയമസഭാ മണ്ഡലത്തിൽ, സി.പി.എം എം.എൽ.എയും സ്ഥാനാർത്ഥിയുമായ സത്യേന്ദ്ര യാദവിന്റെ കാറിന്റെ ചില്ലുകൾ അക്രമികൾ തകർത്തു. ആർക്കും പരിക്കില്ല.