രാഹുലിന്റെ കള്ളവോട്ട് ആരോപണം,​ ഇട്ടത് തന്റെ വോട്ടെന്ന് പിങ്കി

Friday 07 November 2025 12:37 AM IST

ന്യൂഡൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബ്രസീലിയൻ മോഡലിന്റെ ചിത്രം ഉപയോഗിച്ച് 22 കള്ളവോട്ടുകൾ പോൾ ചെയ്‌തെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം നിഷേധിച്ച് വോട്ടർമാർ. തനിക്കവകാശപ്പെട്ട സമ്മതിദാനാവകാശം വിനിയോഗിക്കുക മാത്രമാണ് ചെയ്‌തതെന്ന് പിങ്കി പറഞ്ഞു.

ആറു വർഷം മുൻപ് ലഭിച്ച വോട്ടർ ഐ.ഡിയിൽ ഫോട്ടോ തെറ്റായി അടിച്ചു വന്നു. മേൽവിലാസം കൃത്യമായിരുന്നു. 2024ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പേരുള്ള ബൂത്തിൽ പോയി. വോട്ടർ സ്ലിപ്പും, ആധാർ കാർഡും കാണിച്ച് വോട്ടു ചെയ്‌തു. ഫോട്ടോ ഐ.ഡിയിലെ 'ബ്രസീലിയൻ മോഡലിനെ' അറിയില്ല. മറ്റാരും തന്റെ പേരിൽ വോട്ടു ചെയ്‌തിട്ടില്ല.ഭർത്താവിനും ഭർതൃമാതാവിനുമൊപ്പമാണ് പോളിംഗ് ബൂത്തിലേക്ക് പോയത്- പിങ്കി പറഞ്ഞു.

റായ് മണ്ഡലത്തിലെ 10 ബൂത്തുകളിൽ സ്വീറ്രി, പിങ്കി, സീമ, സരസ്വതി, ദർശന തുടങ്ങിയ പേരുകളിലായി 22 കള്ളവോട്ടുകൾ ചേർത്തെന്നാണ് ചൊവ്വാഴ്ചത്തെ വാർത്താ സമ്മേളനത്തിൽ രാഹുൽ പറഞ്ഞത്.

ഗുനിയ നാലുവർഷം മുൻപ് മരിച്ചെന്ന്

രാഹുൽ പരാമർശിച്ച ഗുനിയെന്ന വോട്ടർ നാലു വർഷം മുൻപ് മരിച്ചെന്ന് ഭർത്താവ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുനിയയുടെ പേരിൽ ആരും കള്ളവോട്ടിട്ടില്ല. ബ്രസീലിയൻ മോഡലിന്റെ ഫോട്ടോയാണോ ഗുനിയയുടെ വോട്ടർ ഐ.ഡിയിലുള്ളതെന്ന് അറിയില്ല. അഞ്ജുവെന്ന വോട്ടറുടെ ബന്ധുക്കളും രാഹുലിന്റെ കള്ളവോട്ട് ആരോപണം തള്ളി. ഭർത്താവ് മരിച്ചതിനാൽ അഞ്ജു 2024ൽ വോട്ടു ചെയ്‌തിട്ടില്ല.

വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച് രാഹുൽ ഗാന്ധി പരാതി നൽകിയാൽ പരിശോധിക്കാമെന്ന് ഹ​രി​യാ​ന​ ചീഫ് ഇലക്‌ടറൽ ഓഫീസർ പ്രതികരിച്ചു. രജിസ്ട്രേഷൻ ഒഫ് ഇലക്ടേഴ്സ് റൂൾസിൽ പറയുന്ന പ്രകാരമുള്ള ഡിക്ലറേഷൻ രാഹുൽ നൽകണമെന്നും ആവശ്യപ്പെട്ടു.