ലോകകപ്പിന് പിന്നാലെ മറ്റൊരു നേട്ടവും സ്വന്തമാക്കി ജെമീമ റൊഡ്രിഗസ്

Thursday 06 November 2025 11:54 PM IST

ഒറ്റദിവസം കൊണ്ട് താരപദവിയിൽ വൻകുതിപ്പ് നടത്തിയ ക്രിക്കറ്ററാണ് ജെമീമ റൊഡ്രീഗസ്. ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലിലെ ഒറ്റയാൾ പോരാട്ടമാണ് ജെമീമയെ താരപദവിയിലെത്തിച്ചത്. ഇന്ത്യൻ വനിതകൾ ചരിത്രത്തിലാദ്യമായി ലോകകപ്പ് നേടിയതോടെ നിരവധി പരസ്യ ബ്രാൻഡുകൾ കോടികളാണ് ഇന്ത്യയുടെ പുതിയ സെൻസേഷന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ലോകകപ്പ് നേട്ടത്തിന് പിന്നാലെ മറ്റൊരു സന്തോഷവും ജെമീമയുടെ ജീവിതത്തിലുണ്ടായിരിക്കുകയാണ്.

നവി മുംബയിൽ പുതിയ വീട് വാങ്ങിയിരിക്കുകയാണ് താരം. കോടികൾ മുടക്കിയാണ് വാഷി മേഖലയിൽ ജെമീമ പുതിയ ഫ്ലാറ്റ് വാങ്ങിയത്. നേരത്തെ ബാന്ദ്രയിലായിരുന്നു താരം താമസിച്ചിരുന്നത്. സുരക്ഷാ കാരണങ്ങളാൽ ഫ്ലാറ്റിന്റെ കൃത്യമായ മേൽവിലാസം പുറത്തുവിട്ടിട്ടില്ല.

വീട് എന്നതിലുപതി തന്റെ ക്രിക്കറ്റ് കരിയറിന്റെ ഭാവിയും മുൻനിറുത്തിയാണ് ജെമീമ നവി മുംബയിൽ ഫ്ലാറ്റ് സ്വന്തമാക്കിയത്. ബാന്ദ്രയിൽ നിന്ന് വ്യത്യസ്തമായി ഉന്നത നിലവാരമുള്ള സ്പോർട്സ് കോംപ്ലക്സുകൾ,​ പ്രാക്ടീസ് നെറ്റ്സ്,​ പരിശീലന കേന്ദ്രങ്ങൾ എന്നിവ വാഷിയിലുണ്ടെന്നതും താരത്തെ ഇവിടേക്ക് ആകർഷിച്ചു. തിരക്ക് കുറഞ്ഞ ട്രാഫിക്ക്,​ വൃത്തിയുള്ള അന്തരീക്ഷം,​ പ്രധാന സ്റ്റേഡിയങ്ങളിലേക്ക് എളുപ്പത്തിലുള്ള കണക്ടിവിറ്റി എന്നിവ ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ താരത്തിന് സഹായകമാകും. ജെമീമയുടെ ക്രിക്ക്റ്റ് കരിയറിലെ ഒരു നാഴികക്കല്ലായാണ് ഈ റിയൽ എസ്റ്റേറ്റ് വിലയിരുത്തപ്പെടുന്നത്. ആഡംബരവും ക്ലാസും ഒരുമിക്കുന്ന ഇടമാണ് ജെമീമയുടെ പുതിയ വീടെന്നാണ് റിപ്പോർട്ടുകൾ. മിനിമലിസ്റ്റിക് ശൈലീയാണ് വീടിന്റെ ഇന്റീരിയറിന് ഉപയോഗിച്ചിരിക്കുന്നത്. തനിക്ക് ലഭിച്ച ട്രോഫികൾ,​ മാച്ചിൽ നിന്നുള്ള ചിത്രങ്ങൾ എന്നിവയും ഗിറ്റാറും കലാസൃഷ്ടികളും വീടിനെ അലങ്കരിക്കുന്നു.