സാങ്കേതികത പറഞ്ഞ് റെയിൽവേ നഷ്‌ടപരിഹാരം നിഷേധിക്കരുത്
ന്യൂഡൽഹി: യാത്രക്കാർ മരിക്കുന്ന കേസുകളിൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കുടുംബത്തിന് നഷ്‌ടപരിഹാരം നിഷേധിക്കരുതെന്ന് റെയിൽവേയ്‌ക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്.
ഇൻഡോർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഉജ്ജയിനിലേക്ക് രൻതംബോർ എക്‌സ്‌പ്രസിൽ യാത്ര ചെയ്‌ത മദ്ധ്യപ്രദേശ് സ്വദേശി സഞ്ജേഷ് കുമാർ യാഗ്നിക് ട്രെയിനിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണതിനെ തുടർന്ന് മരിച്ചിരുന്നു. ട്രെയിനിലെ തിക്കും തിരക്കുമായിരുന്നു കാരണം. 2017 മേയിലായിരുന്നു സംഭവം. സെക്കന്റ് ക്ലാസ് യാത്രക്കാരനായിരുന്നു. റെയിൽവേ ക്ലെയിംസ് ട്രൈബ്യൂണലിന് മുൻപാകെയുള്ള നഷ്‌ടപരിഹാരക്കേസിൽ ടിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കാൻ കുടുംബത്തിന് സാധിച്ചിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്‌തരിച്ചതുമില്ല. ഈ സാങ്കേതിക കാരണങ്ങൾ റെയിൽവേ ചൂണ്ടിക്കാണിച്ചപ്പോൾ ട്രൈബ്യൂണൽ കുടുംബത്തിന്റെ ഹർജി തള്ളി. നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് നിലപാടെടുത്ത സുപ്രീംകോടതി, കുടുംബത്തിന് 8 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ റെയിൽവേയ്‌ക്ക് നിർദ്ദേശം നൽകി.