നിസാർ ഇന്ന് പ്രവർത്തനസജ്ജമാകും: ഹിമാലയ ദൃശ്യത്തിന് കാത്ത് ഇന്ത്യ
തിരുവനന്തപുരം:ഭൂമിയിലെ ജൈവിക നിലനിൽപിന് ഭീഷണിയാകുന്ന ഓരോ ഘടകവും കണ്ടെത്താൻ ഇന്ത്യയും അമേരിക്കയും ചേർന്നുള്ള സംയുക്ത ബഹിരാകാശ സംരംഭമായ നിസാർ ഇന്ന് പ്രവർത്തന സജ്ജമാകും.ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.വി.നാരായണ അറിയിച്ചതാണിത്.അതോടെ ഇതിൽ നിന്നുള്ള ഡാറ്റകൾ ആഗോള ശാസ്ത്ര സമൂഹത്തിന് ലഭിച്ചു തുടങ്ങും.
ഈ വർഷം ജൂലായ് 30നാണ് നാസ ഐ.എസ്.ആർ.ഒ.സിന്തറ്റിക് അപ്പാർച്ചർ റഡാർ എന്ന നിസാർ ഉപഗ്രഹം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ജി.എസ്.എൽ.വി. എഫ് 6 ഉപയോഗിച്ച് വിക്ഷേപിച്ചത്. സെപ്തംബർ 25ന് അമേരിക്കയുടെ ഭൂപ്രദേശങ്ങൾ സ്കാൻ ചെയ്ത് ട്രയൽ നടത്തി. വീണ്ടും ചില മാറ്റങ്ങളും തിരുത്തലുകളും നടത്തിയയാണ് ഇന്ന് മുതൽ പ്രവർത്തനം തുടങ്ങുമെന്ന് പ്രഖ്യാപിച്ചത്. 1300കോടിരൂപ ചെലവഴിച്ച് നാസയും ഐ.എസ്.ആർ.ഒ.യും സംയുക്തമായാണ് നിസാർ നിർമ്മിച്ച് വിക്ഷേപിച്ചത്. ലോകത്തെ ഏറ്റവും ചെലവേറിയതും,. അപൂർവവുമായ ഭൗമ നിരീക്ഷണ ഉപഗ്രഹമാണിത്.
12ദിവസം തോറും ഭൂമിയുടെ ഓരോ പ്രദേശവും പൂർണ്ണമായും സ്കാൻ ചെയ്യുമെന്നതാണ് മറ്റൊരു പ്രത്യേക.ഭൂമിയുടെ മണ്ണിന്റെ ഘടന, ഈർപ്പം, വനമേഖലയിലെ മാറ്റങ്ങൾ കാലാവസ്ഥാ നിരീക്ഷണം, ജൈവ സന്ധാരണന ശോഷണം എന്നിവ നിരീക്ഷിക്കാൻ ഇതിന് കഴിയും .രാത്രിയും പകലും ഭൂമിയെ നിരീക്ഷിക്കാനും പഠനം നടത്താനും നിസാറിന് ശേഷിയുണ്ട്.ഒരുതവണ 240 കിലോമീറ്റർ സ്‌കാൻ ചെയ്യാൻ ഇതിനാവും.
ഹിമാലയത്തിന്റെ
വിവരങ്ങൾ
□ഏഷ്യയിലെ ഏറ്റവും വലിയ പ്രകൃതി വിസ്മയമായ മൂന്നാം ധ്രുവം എന്നറിയപ്പെടുന്ന ഹിമാലയത്തിന്റെ ദുരന്ത സാധ്യതകളറിയാനുള്ള ഡാറ്റായാണ് നിസാറിൽ നിന്ന് ഇന്ത്യ കാത്തിരിക്കുന്നത്.
□അടിക്കടിയുണ്ടാകുന്ന ഭൂചലനങ്ങൾ,വൻ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടാകുന്ന ഗ്ളേസിയർ പ്രതിഭാസങ്ങൾ, ഉത്തരാഖണ്ഡിലും ജോഷിമഠിലും മറ്റുമുണ്ടായ അപ്രതീക്ഷിത മേഘ വിസ്ഫോടനങ്ങൾ എന്നിവ വൻദുരന്തമാണുണ്ടാക്കുന്നത്. കഴിഞ്ഞ മൂന്ന് ദശകങ്ങൾക്കിടയിൽ 7.008 ജീവനാണ് ഹിമാലയമേഖലയിൽ പ്രകൃതി ദുരന്തങ്ങൾ മൂലം നഷ്ടമായത്.
□ഇന്ത്യയ്ക്ക് പുറമെ ചെെന,നേപ്പാൾ,അഫ്ഗാനിസ്ഥാൻ,പാകിസ്ഥാൻ,കിർഗിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലായി 60കോടിയോളം ജനങ്ങളാണ് ഹിമാലയ മേഖലയിലുള്ളത്. 2□400കിലോമീറ്റർ നീളവും 330കിലോമീറ്റർ വീതിയുമുള്ള ഹിമാലയം അപ്രതീക്ഷിത ദുരന്തങ്ങളുടെ ഭൂമിക കൂടിയാണ്.ഇതിന്റെ ഉള്ളറകളറിയാനും , സാധ്യമായ മുൻകരുതലുകളെടുക്കാനും നിസാറിൽ നിന്നുള്ള വിവരങ്ങൾ സഹായിക്കുമെന്നാണ് പ്രതീക്ഷ.